ദുബായില്‍ അനിവാര്യമല്ലാത്ത എല്ലാ ശസ്ത്രക്രിയകളും ഒരു മാസത്തേക്ക് നിര്‍ത്തിവെച്ചു ; ആശുപത്രികള്‍ക്ക് സര്‍ക്കുലര്‍

Jaihind News Bureau
Thursday, January 21, 2021

ദുബായ് : ദുബായില്‍ ഇനി അനിവാര്യമല്ലാത്ത എല്ലാ ശസ്ത്രക്രിയകളും ഒരു മാസത്തേക്ക് നിര്‍ത്തിവെച്ചു. ദുബായ് ഹെല്‍ത്ത് അതോറിറ്റി ഇതുസംബന്ധിച്ച ഉത്തരവിറക്കി.

ദുബായിലെ എല്ലാ ആശുപത്രികള്‍ക്കും ഇതുസംബന്ധിച്ച ഉത്തരവ് നല്‍കി. ഫെബ്രുവരി 19 വരെ ലൈസന്‍സുള്ള എല്ലാ ആശുപത്രികളിലും ഏകദിന ശസ്ത്രക്രിയാ ക്ലിനിക്കുകളിലും ഈ നടപടി പ്രാബല്യത്തില്‍ വരുമെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു. ആവശ്യമെങ്കില്‍ തീരുമാനം നീട്ടാമെന്ന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച സര്‍ക്കുലറില്‍ പറയുന്നു.

ദുബായിലെ താമസക്കാരുടെ ആരോഗ്യവും സുരക്ഷയും ഏറ്റവും ഉയര്‍ന്ന നിലയില്‍ നിലനിര്‍ത്താനുള്ള ദുബായ് സര്‍ക്കാരിന്‍റെ ശ്രമങ്ങള്‍ക്ക് അനുസൃതമായാണ് ഈ നടപടിയെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. ഇതുപ്രകാരം ഇനി അടിയന്തര മെഡിക്കല്‍ ആവശ്യകതയുള്ള ശസ്ത്രക്രിയകള്‍ മാത്രം നടത്തിയാല്‍ മതിയെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.