ആലപ്പാട് ഖനന വിഷയം: സര്‍ക്കാര്‍ നിലപാട് തള്ളി സി.പി.ഐ

Jaihind Webdesk
Sunday, January 13, 2019

ആലപ്പാട് വിഷയത്തിൽ മുന്നണിയിൽ പോർമുഖം തുറന്ന് സി.പി.ഐ. ആലപ്പാട്ടെ ഖനനം നിയമപരമെന്നും ഖനനം നിർത്തില്ലെന്നുമുള്ള സർക്കാർ നിലപാട് തള്ളിയാണ് സി.പി.ഐ രംഗത്തെത്തിയത്. ആലപ്പാട്ടെ ജനങ്ങൾക്കൊപ്പമാണ് സി.പി.ഐ എന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കിയതോടെയാണ് മുന്നണിയിലെ സ്വരച്ചേർച്ചയില്ലായ്മ മറനീക്കീയത്.

നേരത്തെ ആലപ്പാട്ടെ കരിമണൽ ഖനനത്തിനെതിരായ സമരത്തെ പരിഹസിച്ച് മന്ത്രി വ്യവസായമന്ത്രി ഇ.പി ജയരാജൻ രംഗത്തെത്തിയിരുന്നു. തീരം കാക്കാന്‍ കടല്‍ഭിത്തിയുണ്ടെന്ന് പറഞ്ഞ മന്ത്രി ഒരു കൊടിയും രണ്ടാളുമുണ്ടെങ്കിൽ കേരളത്തിൽ ആർക്കും സമരം നടത്താമെന്നും പരിഹസിച്ചു. ഖനനമല്ല, സുനാമിയാണ് ആലപ്പാടിനെ കവര്‍ന്നതെന്നായിരുന്നു മന്ത്രിയുടെ കണ്ടെത്തല്‍. നിയമപരമായാണ് ഖനനം നടത്തുന്നതെന്നും കരിമണല്‍ ഖനനം നിർത്തിവെക്കില്ലെന്നും ഇ.പി ജയരാജന്‍ വ്യക്തമാക്കി.

എന്നാൽ സർക്കാർ നിലപാട് തള്ളി സി.പി.ഐ രംഗത്തെത്തി. ആലപ്പാട് സമരത്തിൽ ചർച്ച ചെയ്ത് ന്യായമായ പരിഹാരം കാണാൻ സർക്കാർ ശ്രമിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. നിയമസഭാസമിതിയുടെ റിപ്പോർട്ട് സർക്കാർ പരിശോധിക്കണമെന്നും കാനം ആവശ്യപ്പെട്ടു. ഇതോടെ ആലപ്പാട് വിഷയം എൽ.ഡി.എഫിൽ പുതിയ പോർമുഖം തുറന്നിരിക്കുകയാണ്.