കൊവിഡ് പ്രതിസന്ധിയില്‍ വലയുന്ന ജനങ്ങളെ സഹായിക്കുന്നതിനു പകരം ഇന്ധനവില വര്‍ധിപ്പിച്ച് ദ്രോഹിക്കുന്നു; കേന്ദ്രനടപടി ക്രൂരതയെന്ന് എ.കെ ആന്‍റണി

 

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുന്നതിനുപകരം തുടര്‍ച്ചയായി ഇന്ധനവില വര്‍ധിപ്പിച്ച് ദ്രോഹിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ ആന്‍റണി. അന്താരാഷ്ട്രവിപണിയില്‍ വില ഇടിയുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാരിന്‍റെ  ഈ ക്രൂരതയെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ ഭാഗമായി മാസങ്ങളായി തുടരുന്ന സാമ്പത്തിക പ്രതിസന്ധി മൂലം പട്ടിണിയും തൊഴിലില്ലായ്മയും തൊഴില്‍ നഷ്ടവും നേരിടുകയാണ് ജനങ്ങള്‍. കാര്‍ഷിക, വ്യാവസായിക, വ്യാപാര മേഖലയിലെ തകര്‍ച്ചയെ തുടര്‍ന്നും ജനങ്ങള്‍ നിരാശയിലാണ്. ഇതിനിടെയാണ് സര്‍ക്കാരിന്‍റെ ഈ ക്രൂരതയെന്നും എ.കെ ആന്‍റണി കൂട്ടിച്ചേര്‍ത്തു. ഇന്ധനവില വര്‍ധനവിനെതിരെ ഇന്നു മുതല്‍ ജൂലായ് 4 വരെ കോണ്‍ഗ്രസ് നടത്തുന്ന ദേശവ്യാപക സമരത്തില്‍ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും അണിചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .കോണ്‍ഗ്രസിന്‍റെ സമരത്തിന് പിന്തുണ അര്‍പ്പിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

 

Comments (0)
Add Comment