തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത്കുമാറിനെതിരെ വീണ്ടും ആഞ്ഞടിച്ച് സിപിഐ. തൃശൂര്‍ പൂരംകലക്കലില്‍ എഡിജിപി തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ കണക്കറ്റ് പരിഹസിക്കുകയാണ് സിപിഐ മുഖപത്രം ജനയുഗം.
‘ആരും പൂരം കലക്കിയിട്ടില്ലെങ്കിലും പൂരം കലങ്ങിയെന്നാണ് റിപ്പോര്‍ട്ട്. കലക്കാതെ കലങ്ങുന്ന നീര്‍ച്ചുഴിപോലെയാണത്രെ പൂരമെന്നാണ് അജിത് തമ്പുരാന്റെ കണ്ടുപിടിത്തം. പരിചയക്കുറവുകൊണ്ട് കാര്യങ്ങള്‍ നിയന്ത്രിച്ച എസ്പിയുടെയും പൂരം നടത്തിപ്പുകാരായ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെയും തലയില്‍ പഴിചാരിയുള്ള തട്ടിക്കൂട്ട് റിപ്പോര്‍ട്ട്. പൂരം കലക്കല്‍ വേളയിലെ ഒരു ചിത്രം പുറത്തുവന്നിട്ടുണ്ട്. കലക്കലില്‍ പ്രതിഷേധിക്കുന്ന ഭക്തജനങ്ങളെ അജിത് അഭിസംബോധന ചെയ്യുന്ന ചിത്രം. ചാരനിറത്തിലുള്ള ഷര്‍ട്ടുധാരി. ഇരുകൈകളും ലോകരക്ഷകനായ കര്‍ത്താവിനെപ്പോലെ അന്തരീക്ഷത്തിലേക്കുയര്‍ത്തി അനുഗ്രഹിക്കുംവണ്ണമുള്ള ചിത്രം. പൂര പരിപാടികള്‍ നിയന്ത്രിക്കുന്നത് ഇയാളാണെന്ന് ചിത്രത്തില്‍ വ്യക്തം. എഡിജിപി രംഗത്തുള്ളപ്പോള്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് വെറുമൊരു എസ്പിയാകുന്നതെങ്ങനെ? എന്നാണ് ജനയുഗം ചോദിക്കുന്നത്.
പൂരംകലക്കിക്കൊണ്ട് സുരേഷ് ഗോപിയെ വിജയിപ്പിക്കാന്‍ അജിത് കുമാര്‍ ശ്രമിച്ചുവെന്നും വിമര്‍ശിക്കുന്നുണ്ട്. പൂരം എങ്ങനെ ഭംഗിയാക്കാമെന്നതിനുപകരം എങ്ങനെ കുളമാക്കാം, പൂരം കലക്കി എങ്ങനെ സുരേഷ് ഗോപിയെ ജയിപ്പിക്കാം എന്ന ഗൂഢാലോചനയിലെ ഓരോ നീക്കവും അജിത് നടത്തുന്നത് ആ വീഡിയോയില്‍ കാണാം. പൂരം കലക്കിയതിന് ചുക്കാന്‍ പിടിച്ച അജിത് കുമാര്‍തന്നെ കലക്കല്‍ അന്വേഷണം നടത്തിയാല്‍ താന്‍ കലക്കിയില്ല എന്ന റിപ്പോര്‍ട്ടല്ലാതെ നല്കാനാവുമോ. നാണംകെട്ട റിപ്പോര്‍ട്ട് തയ്യാറാക്കി സ്വയം കുറ്റവിമുക്തനാക്കിയിട്ട് അജിത് കുമാര്‍ നെഞ്ചുവിരിച്ച് ചോദിക്കുന്നു, എങ്ങനെയുണ്ട് എന്റെ പൂരം കലക്കല്‍ റിപ്പോര്‍ട്ട്. ‘ഓടുന്ന കുതിരയ്ക്ക് ആടുന്ന…. ഭൂഷണം’ എന്നാണല്ലോ ചൊല്ല്!
ഇത് രണ്ടാം തവണയാണ് സിപിഐ മുഖപത്രമായ ജനയുഗത്തില്‍ എഡിജിപി എംആര്‍ അജിത്കുമാറിനെതിരെ വിമര്‍ശനം ഉയരുന്നത്. നേരത്തെ പ്രകാശ് ബാബുവായിരുന്നു എഡിജിപിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടത്. എന്തായാലും മുന്നണിക്കുള്ളില്‍ ശക്തമായ വിരുദ്ധവികാരം ഉണ്ടാകുന്നുവെന്ന് തീര്‍ച്ച.