ഇടതുമുന്നണിയില്‍ കലഹം; പി.വി അന്‍വറിനെതിരെ AIYF പ്രതിഷേധം, നിലയ്ക്ക് നിര്‍ത്തണമെന്ന് ആവശ്യം

Jaihind Webdesk
Tuesday, April 30, 2019

മലപ്പുറം: പൊന്നാനിയിലെ ഇടതുസ്ഥാനാര്‍ത്ഥി പി.വി അന്‍വറിനെതിരെ എ.ഐ.വൈ.എഫ് പ്രതിഷേധം. മലപ്പുറത്ത് പി.വി അൻവർ എം.എൽ.എയുടെ കോലം കത്തിച്ചു. സി.പി.ഐക്കെതിരെ ഇനിയും പറഞ്ഞുനടന്നാല്‍ പി.വി അൻവറിനെ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്നും തെരുവില്‍ തടയുമെന്നും എ.ഐ.വൈ.എഫ് വ്യക്തമാക്കി. ഇടതുപക്ഷ മനസ് നഷ്ടപ്പെട്ട എം.എല്‍.എയാണ് പി.വി അൻവറെന്നും എ.ഐ.വൈ.എഫ് കുറ്റപ്പെടുത്തി. സി.പി.ഐയെ തുടർച്ചയായി വിമർശിക്കുന്നതിനെതിരെയായിരുന്നു അന്‍വറിനെതിരായ പ്രതിഷേധം.

സി.പി.ഐക്കാര്‍ തന്നെ പരമാവധി ഉപദ്രവിച്ചെന്നും തെരഞ്ഞെടുപ്പിലും ഇതേ സമീപനമാണ് സ്വീകരിച്ചതെന്നുമാണ് അന്‍വര്‍ പറഞ്ഞത്. തന്‍റെ ബിസിനസ് സംരംഭങ്ങള്‍ക്കെതിരായും സി.പി.ഐ നിലപാടെടുത്തെന്നും അന്‍വര്‍ ആരോപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐയുടെ ഭാഗത്ത് നിന്ന് തനിക്കുവേണ്ടി പ്രവര്‍ത്തനമുണ്ടായില്ലെന്ന അന്‍വറിന്‍റെ പരാമര്‍ശത്തിനെതിരെ ഫേസ്ബുക്ക് പേജിലൂടെ എ.ഐ.വൈ.എഫ് പ്രതിഷേധം അറിയിച്ചിരുന്നു. അന്‍വറിന്‍റെ പ്രസ്താവന തികച്ചും നിരുത്തരവാദപരമാണെന്നും ഇത് തുടരുന്നത് അംഗീകരിക്കാനാവില്ലെന്നും എ.ഐ.വൈ.എഫ് അറിയിച്ചു.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പി.വി അന്‍വര്‍ തികച്ചും നിരുത്തരവാദിത്വപരമായ പ്രസ്താവനകളാണ് നടത്തുന്നത്. സി.പി.ഐയെ അവഹേളിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്ന് അദ്ദേഹത്തെ വിലക്കാന്‍ ബാധ്യസ്ഥരായവരുണ്ട്.  സി.പി.എം ജില്ലാ നേതൃത്വം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും എ.ഐ.വൈ.എഫ് ആവശ്യപ്പെട്ടു.