ഹൈഡ്രോളിക് തകരാര്‍: ആശങ്കയുണർത്തി എയർ അറേബ്യ വിമാനം; ഒടുവില്‍ കൊച്ചിയില്‍ അടിയന്തര ലാന്‍ഡിംഗ്

Jaihind Webdesk
Friday, July 15, 2022

കൊച്ചി: ഹൈഡ്രോളിക് തകരാറിനെ തുടര്‍ന്ന് ഷാര്‍ജയില്‍ നിന്നുള്ള വിമാനം നെടുമ്പാശേരി വിമാനത്താവളത്തിൽ അടിയന്തരമായി നിലത്തിറക്കി. 229 യാത്രക്കാരുമായി എയര്‍ അറേബ്യയുടെ നെടുമ്പാശേരിയിലേക്കുള്ള വിമാനമാണ് രാത്രി 7.25 ന് നിലത്തിറക്കിയത്. സാധാരണ നടപടിക്രമങ്ങള്‍ പാലിക്കാന്‍ കാത്തുനില്‍ക്കാതെ പ്രത്യേക അനുമതി തേടിയാണ് വിമാനം ഇറങ്ങിയത്.

എയർ അറേബ്യ ജി 9 – 426 വിമാനത്തിന്‍റെ ഹൈ‍ഡ്രോളിക് സംവിധാനമാണ് തകരാറിലായത്.  നെടുമ്പാശേരിയിലേക്ക് പറക്കുന്നതിനിടെ പൈലറ്റിന് തകരാര്‍ ബോധ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് അധികൃതരുടെ സഹായം തേടി. ഇതോടെ കൊച്ചി വിമാനത്താവളത്തിൽ വൈകിട്ട് 6.41ന് സമ്പൂർണ്ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 7.13ന് ലാൻഡ് ചെയ്യേണ്ട വിമാനം 7.29നാണ് ലാൻഡ് ചെയ്യാനായത്.  വിമാനമിറങ്ങുമ്പോള്‍ നെടുമ്പാശേരിയില്‍ സിഐഎസ്എഫ്, പോലീസ്, മെഡിക്കല്‍ സംഘം എന്നിവര്‍ സജ്ജരായി കാത്തുനിന്നു. വിമാനത്തിലെ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.