എയിംസ്: സംസ്ഥാന സർക്കാർ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് വി.കെ ശ്രീകണ്ഠന്‍ എം.പി

Jaihind Webdesk
Saturday, September 4, 2021

പാലക്കാട് : കേന്ദ്ര സർക്കാർ രാജ്യത്ത് 22 എയിംസ് വാഗ്ദാനം ചെയ്തിട്ടും കേരളം പട്ടികയിൽ ഇടം പിടിച്ചില്ലെന്നത് ഖേദകരമാണെന്ന് വി.കെ ശ്രീകണ്ഠൻ എം.പി. കേരളത്തിലേക്ക് എയിംസ് കൊണ്ടുവരാൻ സംസ്ഥാന സർക്കാരും സമൂഹവും ഒന്നിച്ചിടപെടണമെന്നും വി.കെ ശ്രീകണ്ഠൻ പാലക്കാട് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

എയിംസ് താൽക്കാലികമായി ആരംഭിക്കാൻ അഹല്യ ക്യാമ്പസ് വിട്ടുതരാൻ മാനേജ്‌മെന്‍റ് തയാറാണ്. കേരളത്തിൽ അനുവദിച്ച ഐഐടി നഷ്ടപ്പെടാതിരിക്കാൻ അഹല്യ ക്യാമ്പസിലാണ് ആരംഭിച്ചത്. ഇതേ മാതൃക എയിംസിന്‍റെ കാര്യത്തിലും സ്വീകരിക്കാവുന്നതാണ്. അഹല്യയിലെ 3 ആശുപത്രി ഉൾപ്പടെ 8 ലക്ഷം സ്‌ക്വയർഫീറ്റ് കെട്ടിടവും ആധുനിക ലാബുകളും മറ്റ് സൗകര്യങ്ങളും എയിംസിനായി ഉപയോഗിക്കാവുന്നതാണ്.

അഹല്യയിൽ താൽക്കാലികമായി എയിംസ് ആരംഭിച്ചാൽ കേരളത്തിനും തമിഴ്‌നാടിനും ഗുണകരമാകുമെന്നും സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്നും വി.കെ ശ്രീകണ്ഠൻ എം.പി ആവശ്യപ്പെട്ടു.