എഐ ക്യാമറ; വിവാദങ്ങള്‍ക്കിടെ നാളെ പ്രവര്‍ത്തനമാരംഭിക്കും; ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ക്യാമറയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധം

Jaihind Webdesk
Sunday, June 4, 2023

തിരുവനന്തപുരം: വിവാദങ്ങള്‍ കത്തി നില്‍ക്കെ എഐ ക്യാമറകള്‍ നാളെ മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. പ്രതിദിനം ഒന്നേമുക്കാല്‍ ലക്ഷം നിയമലംഘനങ്ങള്‍ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് മോട്ടോര്‍വാഹന വകുപ്പ്. അഞ്ച് വർഷം കൊണ്ട് ജനങ്ങളിൽ നിന്ന് പെറ്റിയായി പിരിക്കാൻ ലക്ഷ്യമിടുന്നത് 424കോടി രൂപയാണ്, ആദ്യവർഷം തന്നെ 261കോടി പിരിക്കും.  അതേ സമയം ക്യാമറയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് നാളെ എഐ ക്യാമറകള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും. തിരുവനന്തപുരം മുതൽ കാസ‌കോഡ് വരെ 726 എഐ ക്യാമറകളാണ് പ്രധാന റോഡുകളിലെല്ലാം സ്ഥാപിച്ചിട്ടുള്ളത്.

ആദ്യഘട്ടത്തിൽ 7 കുറ്റങ്ങൾക്കാണ് പിഴയീടാക്കുക. ഹെൽമറ്റില്ലാതെ ഇരു ചക്രവാഹനത്തിൽ യാത്ര ചെയ്താൽ 500 രൂപ, ഇരുചക്രവാഹനത്തിൽ മൂന്നുപേർ സഞ്ചരിച്ചാൽ 1000 രൂപ, വണ്ടിയോടിക്കുന്നതിനിടെ മൊബൈൽ ഉപയോഗിച്ചാൽ 2000 രൂപ, സീറ്റ് ബെൽറ്റ് ധരിക്കാതെ വണ്ടിയോടിച്ചാൽ 500രൂപ, സിഗ്നലിൽ റെഡ് ലൈറ്റ് മറികടന്നാൽ 1000 രൂപ, അനധികൃത പാര്‍ക്കിങ് 250 രൂപ,അമിതവേഗം 1500 രൂപ എന്നിങ്ങനെയാണ് പെറ്റി. പെറ്റിയടിച്ചാലുടൻ എസ്.എം.എസായി വിവരം മൊബൈലിലെത്തും. മോട്ടോർ വാഹനവകുപ്പിന്‍റെ വെബ്സൈറ്റിൽ പിഴ വിവരങ്ങൾ ഉണ്ടാകും. സൈറ്റിലൂടെ ഓൺലൈനായി പിഴ അടയ്ക്കാനുമാവും. ഓരോ തവണ ക്യാമറയില്‍ പതിയുമ്പോഴും പിഴ ആവര്‍ത്തിക്കും.