കേരളത്തിന്‍റെ സ്വന്തം അഹമ്മദ് ഭായ്

Jaihind News Bureau
Wednesday, November 25, 2020

അഹമ്മദ് പട്ടേലിന്‍റെ വിയോഗം കേരളത്തിലെ കോൺഗ്രസിനും യുഡിഎഫിനും ദുഃഖത്തിന്‍റെ ദിനം കൂടിയാണ്. കെ.കരുണാകരൻ മുതൽ കേരളത്തിലെ എല്ലാ കോൺഗ്രസ് നേതാക്കളുമായും ആത്മ ബന്ധം നിലനിർത്തിയിരുന്നു അഹമ്മദ് പട്ടേൽ. കേരളത്തിന്‍റെ കോൺഗ്രസ് സംഘടനാ രംഗത്തെ പല പ്രശ്‌നങ്ങൾക്കും പരിഹാരത്തിന്‍റെ ചാണക്യസൂത്രവുമായി എത്തിയത് അഹമ്മദ് പട്ടേലായിരുന്നു എന്നതും കേരളം എന്നും സ്മരിക്കും.

ദീർഘകാലം കേരളത്തിന്‍റെ സംഘടനാ ചുമതലയും അഹമ്മദ് പട്ടേലിനായിരുന്നു. യുഡിഎഫിലെ മറ്റ് ഘടകകക്ഷി നേതാക്കളുമായും അഹമ്മദ് പട്ടേൽ നിരന്തരം ബന്ധം പുലർത്തിയിരുന്നു. പലപ്പോഴും യുഡിഎഫിലെ മറ്റു ഘടകകക്ഷികളുമായുള്ള തർക്കത്തിലും പരിഹാരത്തിന്റെ അവസാനവാക്ക് അഹമ്മദ് പട്ടേലിന്‍റേതായിരുന്നു. കെ. കരുണാകരന്റെയും അഹമ്മദ് പട്ടേലിന്റെയും ചിരികൾ ഒന്നുചേരുമ്പോൾ എല്ലാ പ്രശ്‌നങ്ങളും അലിഞ്ഞു തീരുന്ന കാഴ്ചകളായിരുന്നു കോൺഗ്രസ് പ്രവർത്തകർ കണ്ടിരുന്നത്. കെ.കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോഴും ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴും കേരളത്തിലെ വികസന പ്രവർത്തനത്തിന്‍റെ ഒരു കൈ സഹായം അഹമ്മദ് ഭായിയുടേതായിരുന്നു. കേന്ദ്രത്തിൽ നിന്നുള്ള പദ്ധതികളെ കേരളത്തിൽ കൊണ്ടുവരുന്നതിൽ തന്‍റേതായ പ്രവർത്തനവും അഹമ്മദ് പട്ടേൽ ചെയ്തിരുന്നുവെന്നത് രഹസ്യമായ പരസ്യമായിരുന്നു. കേരളത്തിനും കേന്ദ്രസർക്കാരിനും ഇടയിലുള്ള പാലമായും അഹമ്മദ് പട്ടേൽ പ്രവർത്തിച്ചു.

വലിപ്പച്ചെറുപ്പമില്ലാതെ കേരളത്തിലെ കോൺഗ്രസിന്‍റെ എല്ലാ നേതാക്കളെയും പേരെടുത്ത് വിളിച്ചുകൊണ്ടായിരുന്നു അഹമ്മദ് പട്ടേൽ പ്രവർത്തകരുടെ ഹൃദയങ്ങളിൽ ചേക്കേറിയത്. ഉമ്മൻചാണ്ടിക്കും മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയ്ക്കും അഹമ്മദ് പട്ടേൽ അഹമ്മദ് ഭായ് തന്നെയായിരുന്നു.

കോൺഗ്രസ് പാർട്ടിയുടെ ഏറ്റവും വലിയ നഷ്ടമെന്ന് ഉമ്മൻചാണ്ടി അനുസ്മരണ സന്ദേശത്തിൽ വിശേഷിപ്പിച്ചു. ഉമ്മന്‍ ചാണ്ടിയും അഹമ്മദ് പട്ടേലും തമ്മിലുള്ള ഗാഢമായ ബന്ധമാണ് ഇത് സൂചിപ്പിക്കുന്നത്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനുമായി അഹമ്മദ് പട്ടേലിന് ഒരുതരത്തില്‍ പറഞ്ഞാല്‍ ഹൃദയബന്ധമായിരുന്നു. മുല്ലപ്പള്ളിയെയും അഹമ്മദ് പട്ടേലിനെയും ഒരു ദിവസമായിരുന്നു സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്മാരായി നിയമിക്കുന്നത്. അന്ന് തുടങ്ങിയ ബന്ധം ഒരു ദുഃഖ സ്മരണയായി മുല്ലപ്പള്ളിക്ക് അനുഭവപ്പെടുന്നു.