സെക്രട്ടറിയേറ്റില്‍ വീണ്ടും പിന്‍വാതില്‍നിയമനം; എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചിനെ നോക്കുകുത്തിയാക്കി നിയമ മന്ത്രി പി.രാജീവിന്‍റെ അനധികൃതനിയമനങ്ങള്‍.

Jaihind Webdesk
Sunday, November 13, 2022

തിരുവനന്തപുരം: എംപ്ലോയ്‌മെന്‍റ്  എക്‌സ്‌ചേഞ്ചിനെ നോക്കുകുത്തിയാക്കി മന്ത്രി പി.രാജീവിന്‍റെ പിന്‍വാതില്‍നിയമനം. സെക്രട്ടേറിയേറ്റിലെ നിയമവകുപ്പില്‍ 18 പാര്‍ട്ടിക്കാരെയാണ് ദിവസവേതന അടിസ്ഥാനത്തില്‍ നിയമിച്ചിരിക്കുന്നത്. 14 ഓഫിസ് അറ്റന്‍ഡന്‍റ് , 3 ഡ്രൈവര്‍മാര്‍ , ഒരു കമ്പ്യൂട്ടര്‍ അസിസ്റ്റന്‍റ് എന്നിങ്ങനെയാണ് അനധികൃതമായി താല്‍ക്കാലിക നിയമനങ്ങള്‍ നടന്നത്. ഇവരെല്ലാം സി പി എം പ്രവര്‍ത്തകരും അനുഭാവികളുമാണ്. ഇവര്‍ക്ക് ശമ്പളം കൊടുക്കാന്‍ ഒരു വര്‍ഷം 30 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിക്കുന്നത്. നിയമവകുപ്പില്‍ നിന്ന് ഒക്ടോബര്‍ 6 ന് പുറത്തിറങ്ങിയ ഉത്തരവ് പ്രകാരം 2.45 ലക്ഷം രൂപയാണ് സെപ്റ്റംബര്‍ മാസത്തെ ശമ്പളത്തിനായി ഇവര്‍ക്ക് വേണ്ടി ചെലവഴിച്ചത്. 40 ഓഫിസ് അറ്റന്‍ഡന്‍റര്‍മാര്‍ നിയമവകുപ്പില്‍ സ്ഥിരംതസ്തികയില്‍ ജോലി ചെയ്യുന്നുണ്ട്.  ഇതിന് പുറമേയാണ് പാര്‍ട്ടിക്കാരായ 18 പേരെ താല്‍ക്കാലിക തസ്തികകളിലേക്ക് എടുത്തത്.

പേപ്പര്‍രഹിത ഫയലുകള്‍ (ഇ ഫയലുകള്‍) ആണ് ഇപ്പോള്‍ നിയമവകുപ്പില്‍ കൂടുതലും. അപ്പോഴാണ് ഒരു ജോലിയും ഇല്ലാതെ, ഓരോ വര്‍ഷവും 30 ലക്ഷം ചെലവഴിച്ച് പിന്‍വാതിലൂടെ കയറിയ പാര്‍ട്ടിക്കാരായ താല്‍ക്കാലിക ജീവനക്കാരെ നിയമവകുപ്പിലും കുത്തിനിറയ്ക്കുന്നത്.