വർണ്ണാഭമായ ഓണക്കോടിയണിഞ്ഞ് സഞ്ചാരികൾക്ക് ദൃശ്യവിരുന്നൊരുക്കി അഞ്ചുനാട് മലനിരകളിലെ കൊങ്ങിണി പൂക്കൾ

Jaihind News Bureau
Saturday, September 7, 2019

വർണ്ണാഭമായ ഓണക്കോടിയണിഞ്ഞ് അഞ്ചുനാട് മലനിരകളിൽ കൊങ്ങിണി പൂക്കൾ നിറഞ്ഞു നിൽക്കുന്നത് മനോഹരമായ ദൃശ്യവിരുന്നാണ് സഞ്ചാരികൾക്ക് ഒരുക്കുന്നത്. മറയൂർ തമിഴ്‌നാട് അന്തർ സംസ്ഥാഥാന പാതയിൽ ആണ് ഇരുവശങ്ങളിലും കൊങ്ങിണി പൂക്കൾ നിറഞ്ഞ് പൂക്കളമൊരുക്കിയിരിക്കുന്നത്.

മൂന്നാർ മറയൂർ ഉദുമൽപേട്ട അന്തർ സംസ്ഥാന പാതയിലാണ് ഇരുവശങ്ങളിലും കൊങ്ങിണിപ്പൂവ് എന്നറിയപ്പെടുുന്ന പൂക്കൾ നിറഞ്ഞിരിക്കുന്നത്. പ്രളയത്തിന്‍റെ ആധിക്യത്തിൽ സംസ്ഥാനത്താകമാനം പൂക്കളുടെ ക്ഷാമം നേരിടുമ്പോഴും ഓണത്തപ്പനെ വരവേൽക്കാൻ അഞ്ചുനാട് മലനിരകളിൽ സുന്ദരിപൂക്കളാൽ പ്രകൃതി തന്‍റെ പൂക്കളം ഒരുക്കിയിരിക്കുകയാണ്.

ചന്ദനക്കാടുകളിലും മലയിലും പുഴയോരത്തും റോഡരുകുകളിലും വ്യാപകമായാണ് വിവിധ നിറങ്ങളിൽ തഴച്ച് പൂത്തിരിക്കുന്നത്.  ചുവപ്പ്, മഞ്ഞ, റോസ്, വെള്ള തുടങ്ങിയ നിറങ്ങളിൽ വ്യാപകമായി പൂത്തിരിക്കുന്ന കൊങ്ങിണി പൂക്കൾ വീടുകളിലും സ്‌കൂളുകളിലും ഒരുക്കുന്ന പൂക്കളത്തിനും പ്രത്യേക ഭംഗിയാണ് ഒരുക്കുന്നത്. കുട്ടികൾ കൂട്ടുകാരുമായെത്തി ഓണക്കാലത്ത് കൊങ്ങിണി പൂവിറുക്കുന്നതും പൂക്കളം ഒരുക്കുന്നതും അഞ്ചുനാട് മേഖലയിലെ ഓണക്കാല കാഴ്ചകളിലൊന്നാണ്. ഇടതൂർന്ന് വളർന്നിരിക്കുന്ന പൂക്കൾ പ്രദേശം സന്ദർശിക്കാനെത്തുന്ന വിനോദ സഞ്ചാരികൾക്കും മറ്റുമറ്റുള്ളവർക്കും ഹരം പകരുന്ന കാഴ്ചയാണ്.