സിനിമാ ലോകം ലഹരിയില്‍ നിന്നു അകന്ന് നില്‍ക്കണം : ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ പറയാനില്ലെന്ന് സിനിമാ താരം മാധവന്‍

Jaihind News Bureau
Wednesday, September 9, 2020

ദുബായ് : ലഹരിയില്‍ നിന്നു ചലച്ചിത്രലോകം അകുന്നു നില്‍ക്കണമെന്ന് , സിനിമാ താരം ആര്‍ മാധവന്‍ പറഞ്ഞു. ലഹരി ജീവിതത്തെയും സിനിമയെയും അഭിലാഷങ്ങളെയും തകര്‍ക്കുമെന്നും അദേഹം ദുബായില്‍ പറഞ്ഞു. ബോളീവുഡില്‍ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് , നേരിട്ട് വിവരങ്ങള്‍ ലഭിക്കാത്തതിനാല്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം ദുബായില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

വെബ് സീരീസ് ചിത്രമായ സെവന്‍ത് സെന്‍സിന്‍റെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് മാധവന്‍ ദുബായില്‍ എത്തിയത്.
ചലച്ചിത്രം പൂര്‍ണമായും ദുബായിലാണ് ചിത്രീകരിക്കുന്നത്. ഒടിപി സീരീസില്‍ മിക്കപ്പോഴും സിനിമയെക്കാളും വലിയ രീതിയിലാകും ബജറ്റും കഥപറച്ചിലും. എങ്കിലും സിനിമയുടെ സൌന്ദര്യം ഒന്നു വേറെ തന്നെയാണ്. ഒടിപിയില്‍ കഥപറയുന്നതിന് വളരെ സ്വാതന്ത്ര്യം കിട്ടുമെങ്കിലും അത് സാമൂഹിക സന്തുലിതാവസ്ഥയെ തകര്‍ക്കുന്ന രീതിയിലാകുമെന്ന് കരുതുന്നില്ല. ഉത്തരവാദിത്ത ബോധത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അങ്ങനെ ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പൂര്‍ണമായും മൊബൈലില്‍ ചിത്രീകരിച്ച മലയാള ചലച്ചിത്രം സീ യൂ സൂണ്‍ കാണാന്‍ കഴിഞ്ഞില്ലെങ്കിലും അതിനൂതനമായ നല്ല ആശയമാണ് അതെന്നും അദ്ദേഹം അഭിനന്ദിച്ചു. ലോക് ഡൌണ്‍ കാലം കൂടുതലായും സിനിമയുടെ കഥാപാത്രവുമായി ബന്ധപ്പെട്ട ജോലികളില്‍ മുഴുകി കഴിയുകയായിരുന്നുവെന്നും 25 ദിവസമായി ദുബായില്‍ ഉണ്ടായിരുന്നെന്നും മാധവന്‍ വ്യക്തമാക്കി.

ചലച്ചിത്ര ചിത്രീകരണത്തിനായി ആദ്യമായി തുറന്നു നല്‍കിയ നഗരമാണ് ദുബായ് എന്നും ജനജീവിതം സാധാരണ രീതിയിലേക്ക് കൊണ്ടുവരാന്‍ അധികൃതര്‍ സ്വീകരിക്കുന്ന നടപടികളെ അഭിനന്ദിക്കുന്നതായും നിര്‍മാതാവ് ഗൌരാംങ് ജോഷി പറഞ്ഞു. കരണ്‍ ദാരാ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ജിബ്രാന്‍ നൂറാനിയുടേതാണ്. യുഎഇയിലെ കലാകാരന്മാരെയും ഇതില്‍ അഭിനയിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ചലച്ചിത്രത്തിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.