ആന്തൂരിലെ അന്വേഷണം സി.പി.എമ്മിന്‍റെ തിരക്കഥ അനുസരിച്ച്, റിപ്പോർട്ട് അംഗീകരിക്കാനാവില്ല ; കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണം : രമേശ് ചെന്നിത്തല | Video

Jaihind News Bureau
Thursday, October 1, 2020

തിരുവനന്തപുരം : ആന്തൂരിലെ പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യയിൽ കേസ്  അന്വേഷണം തൃപ്തികരമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.പി.എമ്മിന്‍റെ തിരക്കഥയനുസരിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. കോടതിയുടെ മേൽനോട്ടത്തിൽ  ഉന്നതതല സംഘം കേസ് അന്വേഷിക്കണമെന്നും ചെന്നിത്തല തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു.

സർക്കാരിന്‍റെയും ആന്തൂർ മുനിസിപ്പാലിറ്റിയുടെയും ക്രൂരമായ നിലപാടിൽ മനംനൊന്താണ് സാജന് ആത്മഹത്യ ചെയ്യേണ്ടിവന്നത്. ഒരു പ്രവാസിക്ക് നമ്മുടെ നാട്ടിലുണ്ടായ ദുരന്തമാണ്. ആന്തൂർ മുനിസിപ്പാലിറ്റി ചെയർപേഴ്സണ് ക്ലീന്‍ ചിറ്റ് കൊടുക്കുന്നതും, ഉത്തരവാദികളെ മുഴുവന്‍ വെള്ളപൂശുന്നതുമായ റിപ്പോർട്ടാണ് നല്‍കിയിട്ടുള്ളത്. സി.പി.എമ്മിന്‍റെ റിപ്പോർട്ടാണിതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കോടതിയുടെ നിരീക്ഷണത്തിലുള്ള അന്വേഷണം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രവാസി വ്യവസായി സാജൻ ആത്മഹത്യയുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട്‌ സമർപ്പിക്കും. തളിപ്പറമ്പ് സബ് ഡിവിഷണൽ മാജിസ്‌ട്രേറ്റിന് മുമ്പാകെയാണ് റിപ്പോർട്ട്‌ സമർപ്പിക്കുക. സാമ്പത്തിക ബാധ്യതയാണ് സാജന്‍റെ ആത്മഹത്യയ്ക്ക് കാരണമെന്ന രീതിയിലാണ് റിപ്പോർട്ട്.