ഇടുക്കി: പീരുമേട് പട്ടുമലയിലെ ഹാരിസൺ തേയില ഫാക്ടറിയിൽ യന്ത്രത്തിൽ തല കുടുങ്ങി യുവാവ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ഇടുക്കി ജില്ലാ കളക്ടർ 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. പട്ടുമല സ്വദേശി രാജേഷാണ് ( 37) മരിച്ചത്. സുരക്ഷാ സംവിധാനങ്ങളില്ലാത്തതാണ് അപകട കാരണമെന്ന് മനുഷ്യാവകാശ പ്രവർത്തകനായ ഗിന്നസ് മാടസാമി നൽകിയ പരാതിയിൽ പറയുന്നു. ഇന്ന് രാവിലെ യന്ത്രം വൃത്തിയാക്കുന്നതിനിടയിലായിരുന്നു സംഭവം.