ലോറിയില്‍ നിന്നും കയര്‍ വീണു ടയറില്‍ ചുറ്റി യുവതിക്ക് ദാരുണാന്ത്യം

Jaihind Webdesk
Sunday, December 23, 2018

തിരുവനന്തപുരം: തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ യുവതിയ്ക്ക് ദാരുണാന്ത്യം. ലോറിയില്‍ നിന്നും വീണ കയര്‍ സ്‌കൂട്ടറിന്റെ ടയറില്‍ ചുറ്റിയതിനെത്തുടര്‍ന്നുണ്ടായ അപകടത്തിലാണ് യുവതിയ്ക്ക് ജീവന്‍ നഷ്ടമായത്. പൂവാര്‍ ഉച്ചക്കട കുളത്തൂര്‍ സെന്റ് സേവിയേഴ്സ് പള്ളിക്ക് സമീപം തുമ്പക്കല്‍ ലക്ഷം വീട് കോളനിയില്‍ അനിതയാണ് മരിച്ചത്. ഇന്ന് രാവിലെകരമനയില്‍ വെച്ചാണ് അപകടം സംഭവിച്ചത്.

മുന്നിലൂടെ പോയ ലോറിയില്‍ കെട്ടിയിരുന്ന കയര്‍ അഴിഞ്ഞു റോഡിലേക്ക് വീഴുകയായിരുന്നു. ഇത്, ലോറിയ്ക്ക് പിന്നില്‍ സഞ്ചരിക്കുകയായിരുന്ന അനിതയുടെ സ്‌കൂട്ടറിന്റെ ടയറില്‍ കുടുങ്ങുകയും, തുടര്‍ന്ന് നിയന്ത്രണം തെറ്റിയ ബൈക്ക് റോഡിന്റെ വശത്തേക്ക് മറിയുകയുമായിരുന്നു. വീഴ്ചയില്‍ ഡിവൈഡറില്‍ അനിതയുടെ തലയിടിച്ചു. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.