സഹോദരതുല്യമായ ബന്ധം കാത്തുസൂക്ഷിച്ച വ്യക്തി; മാമുക്കോയയുടെ നിര്യാണത്തില്‍ കെ.സുധാകരന്‍ എംപി അനുശോചിച്ചു

Jaihind Webdesk
Wednesday, April 26, 2023

തിരുവനന്തപുരം:ചലച്ചിത്രതാരം മാമുക്കോയയുടെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി അനുശോചിച്ചു. മലയാള സിനിമയില്‍ ഹാസ്യത്തിന് വേറിട്ട ശെെലി സംഭാവന ചെയ്ത അതുല്യനായ കലാകാരനാണ് മാമുക്കോയ. ജീവിതത്തിലും സിനിമയിലും നാട്യങ്ങളില്ലാതെ ജീവിച്ച പ്രതിഭ. സിനിമാ ജീവിതത്തില്‍ അദ്ദേഹം ജീവന്‍ പകര്‍ന്ന ഓരോ കഥാപാത്രങ്ങളും മലയാള പ്രേക്ഷകരുടെ മനസ്സില്‍ മായാതെ നില്‍ക്കും. അത്രയേറെ സ്വാഭാവികതയും തന്മയത്വവും ഓരോ കഥാപാത്രങ്ങള്‍ക്കും നല്‍കിയ അദ്ദേഹം വെള്ളിത്തിരയില്‍ ജീവിക്കുക ആയിരുന്നു.

ഉറച്ച നിലപാടുകളും ജീവിതഗന്ധിയായ കഥാപാത്രങ്ങളും മലബാര്‍ ഭാഷാ ശെെലിയും അദ്ദേഹത്തെ എന്നും വ്യത്യസ്തനാക്കി. താനുമായി സഹോദരതുല്യമായ ബന്ധം കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു മാമുക്കോയ. കോണ്‍ഗ്രസിന്‍റെ ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിശ്വസിച്ചിരുന്ന നടന്‍ കൂടിയായിരുന്നു മാമുക്കോയ. അദ്ദേഹത്തിന്‍റെ വിയോഗം മലയാള സിനിമയ്ക്ക് അപരിഹാര്യമായ നഷ്ടമാണെന്നും സുധാകരന്‍ പറഞ്ഞു.