വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി വിളിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം  ഇന്ന്

Jaihind Webdesk
Sunday, October 3, 2021

 

തിരുവനന്തപുരം : വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി വിളിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം  ഇന്ന് ചേരും. എസ്എച്ച്ഒ മുതൽ ഡിജിപി  വരെയുള്ളവർ യോഗത്തില്‍ ഓൺലൈനായി പങ്കെടുക്കും. വൈകിട്ട് 3.30 നാണ് യോഗം.

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലുമായി പൊലീസ് സേനയിലെ ഉന്നതരടക്കമുള്ളവരുടെ ബന്ധം വിവാദമായിരിക്കുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചിരിക്കുന്നത്. അടുത്തിടെ ഉയർന്ന പൊലീസ് ഉൾപ്പെട്ട ഹണിട്രാപ്പ് കേസ് അടക്കമുള്ള ആരോപണങ്ങളും ചര്‍ച്ചയാകും.

മോന്‍സണുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പൊലീസിനെയും ആഭ്യന്തരവകുപ്പിനെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. മുന്‍ പൊലീസ് മേധാവി ലോക്നാഥ് ബെഹറ, മുന്‍ ഡിഐജി സുരേന്ദ്രന്‍, ഐജി ലക്ഷ്മണ്‍, എഡിജിപി മനോജ് ഏബ്രഹാം തുടങ്ങി ഒരുപിടി പേരുകള്‍ മോന്‍സണ്‍ വിവാദവുമായി ബന്ധപ്പെട്ട് സജീവമാണ്. ഡിജിപി അനില്‍കാന്തിനെ മോന്‍സണ്‍ പൊലീസ് ആസ്ഥാനത്തെത്തി കണ്ടു എന്ന വാര്‍ത്തകളുമുണ്ട്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി വിളിച്ചിരിക്കുന്ന യോഗം ഇന്ന് നടക്കുന്നത്.