വിദേശ വനിതകൾക്കെതിരായ അതിക്രമം; വര്‍ക്കല സ്വദേശി പിടിയിൽ

Jaihind Webdesk
Thursday, July 1, 2021

തിരുവനന്തപുരം: വർക്കലയിൽ വിദേശ വനിതകൾക്ക് നേരെ അതിക്രമം നടത്തിയ പ്രതി പിടിയിലായി. വർക്കല സ്വദേശി ഇടവ മുക്കാലയ്ക്കല്‍ കളീക്കല്‍ വീട്ടില്‍ മഹേഷ് (27) ആണ് പിടിയിലായത്. യു.കെ, ഫ്രാൻസ് സ്വദേശികളായ യുവതികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. പ്രതി അസഭ്യം പറയുകയും യുവതികളുടെ ശരീരത്തില്‍ കടന്നുപിടിക്കുകയും ചെയ്തതായാണ് പരാതി.

കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. വർക്കല പാപനാശത്ത് സായാഹ്ന സവാരിക്ക് ഇറങ്ങിയതായിരുന്നു 29 ഉം 23 ഉം വയസുള്ള യുവതികൾ.  കഴിഞ്ഞ നാല് മാസമായി വർക്കലയിലെ ഹോം സ്റ്റേയിൽ താമസിക്കുകയാണ് ഇവർ. സംഭവത്തിന് പിന്നാലെ വർക്കല പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി ഇവര്‍ പരാതി നൽകിയിരുന്നു. മുംബൈ സ്വദേശിയായ യുവതിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. നേരത്തെയും യുവതികള്‍ക്കെതിരെ അതിക്രമത്തിന് ശ്രമം നടന്നിട്ടുള്ളതായി പരാതിയിൽ പറയുന്നു.