ഇസ്രയേലില്‍ റോക്കറ്റാക്രമണത്തില്‍ പരിക്കേറ്റ മലയാളി യുവതി അപകടനില തരണം ചെയ്തു

Jaihind Webdesk
Monday, October 9, 2023

 

ഇസ്രയേലില്‍ റോക്കറ്റാക്രമണത്തില്‍ പരിക്കേറ്റ മലയാളി യുവതി അപകടനില തരണം ചെയ്തു. ആക്രമണത്തില്‍ പരുക്കേറ്റ കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശിനി ഷീജ ആനന്ദ് അപകടനില തരണം ചെയ്തതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ഇസ്രയേലില്‍ കെയര്‍ഗിവര്‍ ജോലി ചെയ്യുകയായിരുന്നു ഷീജ.

ഇടത് നെഞ്ചിന് മുകളിലും വലത് തോളിലും വലത് കാലിലും വയറിലുമാണ് ഷീജയ്ക്ക് പരുക്കുള്ളത്. റോക്കറ്റാക്രമണത്തിലാണ് ഷീജയ്ക്ക് പരിക്കേറ്റതെന്നാണ് ബന്ധുക്കൾക്ക് കിട്ടിയ വിവരം. പ്രായമായ സ്ത്രീയെ നോക്കുന്ന ജോലിയാണ് ഷീജയ്ക്ക്.

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് അപകടമുണ്ടായത്. ഈ സമയം ഷീജ ഭർത്താവ് ആനന്ദുമായി വീഡിയോ കോളിലായിരുന്നു. പുറത്ത് വലിയശബ്ദം കേൾക്കുന്നുണ്ടെന്ന് പറഞ്ഞതിന് പിന്നാലെ ഫോൺ സംഭാഷണം നിലയ്ക്കുകയായിരുന്നു. സൗത്ത് ഇസ്രയേലിലെ അഷ്‌കിലോണിൽ ഏഴുവർഷമായി ജോലിചെയ്യുകയാണ് ഷീജ.

അതിനിടെ ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ മരണ സംഖ്യ ആയിരം കടന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 413 പലസ്തീനികളും 700 ഇസ്രയേലികളും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഗാസയ്ക്കെതിരെ ഇസ്രയേൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.