എഎംഎംഎയിലെ ഭിന്നത തീർക്കാൻ തിരക്കിട്ട നീക്കം; മോഹൻലാൽ അനൗദ്യോഗിക കൂടിക്കാഴ്ച്ച നടത്തും

Jaihind Webdesk
Friday, October 19, 2018

എ.എം.എംഎയിലെ ഭിന്നത തീർക്കാൻ തിരക്കിട്ട നീക്കം. പ്രസിഡന്‍റ്  മോഹൻലാൽ ഇന്ന് കൊച്ചിയിൽ എക്‌സിക്യുട്ടീവ് അംഗങ്ങളുമായി അനൗദ്യോഗിക കൂടിക്കാഴ്ച്ച നടത്തും.

മുൻപെങ്ങുമില്ലാത്ത രീതിയിലാണ് ഇപ്പോൾ എ.എം.എം.എയിൽ കാര്യങ്ങൾ നടക്കുന്നത്. അംഗങ്ങൾ പല തട്ടുകളിലായി നിൽക്കുന്നു. അംഗങ്ങൾ തമ്മിലുള്ള സ്വരചേർച്ചയില്ലായ്മ നേതത്വം ഗൗരവമായാണ് കാണുന്നത്. വിദേശ സന്ദർശനത്തിന് തയ്യാറെടുക്കുന്ന പ്രസിഡണ്ട് മോഹൻലാലിന്‍റെ നേതത്വത്തിൽ പ്രശ്‌നങ്ങൾ പരമാവധി ചർച്ചയിലൂടെ പരിഹരിക്കാനാണ് ഇപ്പോൾ നീക്കം നടക്കുന്നത്. വനിത കൂട്ടായ്മയായ. ഡബ്ല്യു.സി.സി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി എന്നോണം നടൻ സിദ്ദിക്കും കെ.പി.എ.സി ലളിതയും നടത്തിയ വാർത്താസമ്മേളനത്തിനെതിരെ എ.എം.എം.എ വക്താവ് ജഗദീഷ് രംഗത്ത് വന്നത് അംഗങ്ങൾക്കിടയിൽ അസ്വസ്ഥത സഷ്ടിച്ചിട്ടുണ്ട്.

കൂടാതെ ഡബ്ല്യു.സി.സി ഉന്നയിച്ച പല ആരോപണങ്ങൾക്കും എ.എം.എം.എ നേതൃത്വത്തിന് മറുപടി പറയേണ്ടതായിട്ടുണ്ട്. ഇതെല്ലാം ഇന്നത്തെ അനൗദ്യോഗിക യോഗത്തിൽ ചർച്ചയാകും. അതോടൊപ്പം പ്രളയ ദുരിത്വാശ്വാസ ഫണ്ട് ശേഖരണാർത്ഥം എ.എം.എം.എ നടത്താൻ തീരുമാനിച്ച സ്റ്റേജ് ഷോ ഏത് രീതിയിൽ നടത്തണമെന്ന കാര്യവും ചർച്ചയാകും. വിദേശത്ത് പരിപാടി നടത്താമെന്നാണ് ഒരു വിഭാഗത്തിന്‍റെ അഭിപ്രായം.കൂടാതെ എ.എം.എം.എ നേതൃത്വത്തിനെതിരെ രംഗത്ത് വന്ന വനിത താരങ്ങൾക്കെതിരെ നടപടി വേണമോ എന്നും പരിശോദിക്കും.

ദിലീപുമായി ബന്ധപ്പെട്ട വിഷയത്തിൽ എ.എം.എം.എ സ്വീകരിച്ച നിലപാടിൽ വ്യക്തത വരുത്തണമെന്ന് ഒരു വിഭാഗം അംഗങ്ങൾ ഈ യോഗത്തിൽ ഈ ആവശ്യം ഉന്നയിക്കും എന്നും സൂചനയുണ്ട്. അടുത്ത മാസം 24ന് നടക്കുന്ന എക്‌സിക്യുട്ടീവ് യോഗത്തിന് മുൻപായി പരമാവധി പ്രശ്‌നങ്ങൽ തീർക്കാൻ കൂടിയാണ് ഇന്നത്തെ ഈ അനൗദ്യോഗിക യോഗം.