പ്രതിരോധമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു; സുരക്ഷാ, ആയുധ വിന്യാസങ്ങള്‍ കൂട്ടിയെന്ന് സൈന്യം പ്രതിരോധമന്ത്രിയെ അറിയിച്ചു

Jaihind News Bureau
Friday, May 9, 2025

ഇന്ത്യയുടെ കനത്ത തിരിച്ചടിയില്‍ പതറിയിരിക്കുകയാണ് പാകിസ്ഥാന്‍. ഇനിയും പാക് പ്രകോപനം തുടര്‍ന്നാല്‍ ഏത് രീതിയില്‍ നേരിടണമെന്ന അടിയന്തര കൂടിയാലോചനകള്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗം ചേര്‍ന്നു. സംയുക്ത സൈനിക മേധാവിയും സേനാ മേധാവിമാരും യോഗത്തില്‍ പങ്കെടുത്തു. സാഹചര്യം പ്രധാനമന്ത്രിയെ രാജ്‌നാഥ് സിങ് ധരിപ്പിക്കും. ഇന്ത്യയുടെ ഓരോ നീക്കങ്ങളും പുലര്‍ച്ചെ വരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരീക്ഷിക്കുന്നുണ്ടായിരുന്നു.

അതേസമയം, ജമ്മുവിന് പുറമെ പഞ്ചാബിലും അതീവ ജാഗ്രതയാണ്. അമൃത്സറില്‍ രാവിലെ സൈറണ്‍ മുഴങ്ങി. വിമാനത്താവളം അടച്ചിട്ടു. ഒരറിയിപ്പ് ഉണ്ടാകും വരെ സ്ഥിതി തുടരുമെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തിന്റെ സുരക്ഷ കൂട്ടി. സ്ഥിതി ശാന്തമെന്നും അധികൃതര്‍ അറിയിച്ചു. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലും പാക് പ്രകോപനം ഉണ്ടാകാന്‍ സാധ്യതയുണ്ട്.

യുദ്ധസമാനമായ രീതിയിലേക്ക് പോകാന്‍ ഇന്ത്യയ്ക്ക് താല്‍പര്യമില്ലെന്ന് അറിയിച്ചിട്ടും പാകിസ്ഥാന്റെ പ്രകോപനം തുടരുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ നിലപാട് എങ്ങനെയാകണമെന്നടക്കം യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുത്തിരിക്കാന്‍ സാധ്യതയുണ്ട്. അതിര്‍ത്തികളില്‍ ഉള്‍പ്പെടെ സുരക്ഷ ശക്തമാണെന്നാണ് സൈനിക മേധാവികള്‍ പ്രതിരോധ മന്ത്രിയെ അറിയിച്ചത്. സുരക്ഷാ വിന്യാസവും തിരിച്ചടിക്കുള്ള ആയുധ വിന്യാസവും ഇന്ത്യ കൂട്ടിയിട്ടുണ്ട്. ഇതിന്റെയെല്ലാം വിശദ വിവരങ്ങള്‍ ഇന്ന് യോഗത്തില്‍ മേധാവിമാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍, പാകിസ്ഥാന്‍ വീണ്ടും ആക്രമണത്തിന് മുതിരുകയാണെന്നാണ് വിവരം. പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് രാജ്‌നാഥ് സിംഗ്് പ്രധാനമന്ത്രിയുടെ വസതിയിലെത്തി കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ ധരിപ്പിക്കും.