കോഴിയെ പിടിക്കാനിറങ്ങി കിണറ്റില്‍ വീണു, മയക്കുവെടി വെച്ചതോടെ വെള്ളത്തില്‍ മുങ്ങി; വനംവകുപ്പിന്‍റെ ബുദ്ധിശൂന്യമായ നടപടിയില്‍ കരടിക്ക് ദാരുണാന്ത്യം

Jaihind Webdesk
Thursday, April 20, 2023

 

തിരുവനന്തപുരം: വെള്ളനാട് കിണറ്റില്‍ വീണ കരടിയെ രക്ഷിക്കാനായില്ല. മണിക്കൂറുകൾ നീണ്ടുനിന്ന ശ്രമത്തിനൊടുവിൽ കരടിയുടെ ജഡം പുറത്തെടുത്തു. വെള്ളം നിറഞ്ഞ കിണറ്റിൽ അകപ്പെട്ട കരടിയെ മയക്കുവെടി വെക്കുവാൻ വനം വകുപ്പ് എടുത്ത വിവേക ശൂന്യമായ തീരുമാനമാണ് കരടിയുടെ ജീവൻ നഷ്ടപ്പെടുത്തിയത്.

ബുധനാഴ്ച അർധരാത്രിയോടെയാണ് തിരുവനന്തപുരം വെള്ളറട കണ്ണമ്പള്ളി സ്വദേശി അരുണിന്‍റെ വീട്ടിലെ കിണറ്റില്‍ കരടി വീണത്. കോഴിയെ പിടിക്കുന്നതിനിടെയാണ് കരടി കിണറ്റില്‍ അകപ്പെട്ടത്. തകർന്നു വീണ കിണറിന്‍റെ മേൽമൂടിയുടെ ഇരമ്പു നെറ്റിൽ കുടുങ്ങിയ നിലയിലായിരുന്നു കരടി. വിവരമറിഞ്ഞെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ കരടിയെ പുറത്തെടുക്കുന്നതിനുള്ള ശ്രമം ആരംഭിച്ചു.

പൂർണ്ണ വളർച്ചയെത്തിയ ആരോഗ്യവാനായ കരടിക്ക് വീഴ്ചയിൽ കാര്യമായ പരിക്കുകൾ ഏറ്റിരുന്നില്ലെന്ന് വിലയിരുത്തിയ ഉദ്യോഗസ്ഥർ മയക്കു വെടി വെച്ച് മയക്കി വലയിൽ കുടുക്കി പുറത്തെടുക്കുവാനുള്ള തീരുമാനം കൈക്കൊള്ളുകയായിരുന്നു. ആദ്യ മയക്കു വെടി കരടിക്ക് ഏറ്റില്ല. തുടർന്ന് 9.25ന് നടത്തിയ രണ്ടാമത്തെ ശ്രമത്തില്‍ കരടിക്ക് മയക്കുവെടിയേറ്റു. തുടർന്ന് കരടിയെ പുറത്തെത്തിക്കുവാൻ ശ്രമം നടത്തുന്നതിനിടയിൽ കരടി വല പൊട്ടി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഒരു മണിക്കൂറോളം വെള്ളത്തിലാഴ്ന്നു കിടന്നിട്ടും കരടിയെ ഉയർത്താനായില്ല. കരടിയുടെ ജീവൻ രക്ഷിക്കാമെന്ന പ്രതീക്ഷ ഇതോടെ അസ്തമിച്ചു.

കിണറിലെ വെള്ളത്തിന്‍റെ ആഴവും വ്യാപ്തിയും കണക്കുകൂട്ടാതെ കരടിയെ മയക്കു വെടിവെച്ച് പിടിക്കുവാൻ എടുത്ത
വനം വകുപ്പിന്‍റെ വിവേക ശൂന്യമായ തീരുമാനമാണ് രക്ഷാദൗത്യം പരാജയപ്പെടുത്തിയത്. മയക്കു വെടിവെക്കും മുമ്പ് കിണറ്റിലെ വെള്ളം വറ്റിക്കാതിരുന്നതാണ് കരടിയുടെ ജിവ ൻ അപകടത്തിലാക്കിയത്. ഇതോടെ രക്ഷാദൗത്യം ഫയർഫോഴ്സ് ഏറ്റെടുത്തു. പിന്നീട് നിരവധി മോട്ടോറുകൾ ഉപയോഗിച്ചു കിണറിലെ വെള്ളം വറ്റിച്ചു. ഒന്നര മണിക്കൂർ നീണ്ടുനിന്ന രക്ഷാദൗത്യത്തിന് ഒടുവിൽ കരടിയുടെ ജഡം പുറത്തെടുത്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം കരടിയുടെ ജഡം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. സമയബന്ധിതമായി ബുദ്ധിപൂർവമായ തീരുമാനങ്ങൾ എടുക്കുന്നതിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ഉണ്ടായ പാളിച്ചയാണ് രക്ഷാ ദൗത്യത്തെ പരാജയപ്പെടുത്തിയത്.