കോഴിക്കോട്: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു. നാല് മാസം പ്രായമായ കുഞ്ഞാണ് മരിച്ചത്. കുട്ടിക്ക് ജന്മനാ ഹൃദ്രോഗമുണ്ടായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് ചികിത്സയിലുണ്ടായിരുന്നത്. മഞ്ചേരി പയ്യനാട് സ്വദേശികളുടെ മകളാണ്.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു കുഞ്ഞ് ഉണ്ടായിരുന്നത്. ഹൃദയസംബന്ധമായ അസുഖവും ഭാരക്കുറവും കുഞ്ഞിന് ഉണ്ടായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മോശമായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറയുന്നു.
അതേസമയം രോഗം പടർന്നത് എങ്ങനെയെന്നത് സംബന്ധിച്ച് വ്യക്തതയില്ല. കുട്ടിയുടെ ബന്ധുവിന് കൊവിഡ് വന്ന് ഭേദമായിരുന്നു. എന്നാല്‍ ഇയാള്‍ കുട്ടിയുമായി ഇടപഴകിയിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. കുഞ്ഞിന്റെ മാതാപിതാക്കളുടെ പരിശോധനാ ഫലം ഇന്നറിയാനാകും. കുട്ടിയെ നേരത്തെ ചികിത്സിച്ചിരുന്ന മഞ്ചേരിയിലെ മറ്റ് രണ്ട് ആശുപത്രികളിലെ അഞ്ച് ഡോക്ടർമാർ ഇപ്പോള്‍ നിരീക്ഷണത്തിലാണ്.