ഇ.പി ജയരാജനെതിരെ നിയമസഭയിൽ ഗുരുതര അഴിമതി ആരോപണവുമായി വി.ടി ബൽറാം

Jaihind News Bureau
Thursday, March 5, 2020

മന്ത്രി ഇ.പി ജയരാജനെതിരെ നിയമസഭയിൽ ഗുരുതര അഴിമതി ആരോപണവുമായി വി.ടി ബൽറാം എംഎൽഎ. ലാപ്ടോപ് നിർമാണത്തിന്‍റെ മറവിൽ കെൽട്രോണിൽ വൻ അഴിമതി നടക്കുന്നതായി ബൽറാം പറഞ്ഞു. സിംസ് പദ്ധതിയിൽ ഉപകരാർ നൽകിയ ഗാലക്സോൺ കമ്പനി ചുമതലക്കാരൻ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രകളിലെ സ്ഥിരം സാന്നിധ്യമാണെന്നും വി.ടി ബൽറാം സഭയിൽ ചൂണ്ടിക്കാട്ടി

സിഎജി റിപ്പോർട്ടിൽ പോലീസിനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളിൽ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രതിസ്ഥാനത്തു നിർത്തുന്ന നിരവധി തെളിവുകൾ നേരത്തേ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജനെതിരായ ആരോപണങ്ങൾ. നിയമസഭയിൽ വി ടി ബൽറാം എം എൽ എ കൃത്യമായ കണക്കുകൾ നിരത്തിയാണ് മന്ത്രിക്കെതിരായ അഴിമതി തുറന്നു കാട്ടിയത്. സ്പീക്കർക്ക് മുൻകൂർ എഴുതി നൽകി ബഡ്ജറ്റിലെ ധനാഭ്യർത്ഥന ചർച്ചയ്ക്കിടെയാണ് വിടി ബൽറാം ആരോപണമുന്നയിച്ചത്. കൊക്കോണിക്സ് ലാപ്ടോപ് തുടങ്ങാനെന്ന വ്യാജേന സ്വകാര്യ കമ്പനികൾക്ക്, കെൽട്രോൺ ഭൂമി വിൽക്കുന്നതായാണ് ആക്ഷേപം. കെൽട്രോൺ ലാപ്ടോപ്പ് നിർമിക്കാതെ ചൈനയിൽ നിന്ന് വാങ്ങുകയാണ് ചെയ്യുന്നത്. ഇക്കാര്യത്തിൽ ഉൾപ്പെടെ സമഗ്രാന്വേഷണം വേണമെന്നും ബൽറാം ആവശ്യപ്പെട്ടു.

പൊലീസിലെ നെറ്റ് വർക്കിങ്ങ് കംപ്യൂട്ടർ പദ്ധതിയായ സിംസിനെതിരെയും വി.ടി.ബൽറാം ആഞ്ഞടിച്ചു. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വിദേശയാത്രകളിലെ സ്ഥിരം സാന്നിധ്യമാണ് കരാർ കമ്പനിയായ ഗാലക് സോണിന്‍റെ ചുമതലക്കാരനായ ബർണാഡ് രാജൻ. ഗാലക്സോണിനു മുഖ്യമന്ത്രിയുമായി എന്താണ് ബന്ധമെന്നും ബൽറാം സഭയിൽ ചോദിച്ചു.

അഴിമതി ആരോപണങ്ങളിൽ നന്നായി വിയർത്ത സർക്കാരിന് കൂടുതൽ തലവേദനയാവുകയാണ് പ്രതിപക്ഷത്തിന്‍റെ പുതിയ വെളിപ്പെടുത്തലുകൾ.

https://youtu.be/66yuVmZwM4A