നിയമസഭയിൽ സ്പീക്കറും എ.കെ. ബാലനും തമ്മിൽ തർക്കം. ഉപക്ഷേപത്തിൽ ഭരണപ്രതിപക്ഷാംഗങ്ങൾക്ക് സംസാരിക്കാമെന്ന് മന്ത്രി. എന്നാല്‍ എഴുതി നൽകിയാൽ മാത്രമാണ് അനുമതിയെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണന് നിലപാട് വ്യക്തമാക്കി.
ഗവർണർക്കെതിരെ പ്രതിപക്ഷ നേതാവ് ഉപക്ഷേപം അവതരിപ്പിക്കുന്നതിനിടയിലായിരുന്നു മന്ത്രി എ.കെ ബാലനും സ്പീക്കറും തമ്മിൽ നിയമസഭയിൽ രൂക്ഷമായ തർക്കമുണ്ടായത്. ഉപക്ഷേപം അവതരിപ്പിക്കുമ്പോൾ ചട്ടപ്രകാരം ഒരംഗത്തിന് 5 മിനിറ്റ് വീതം ആകെ 30 മിനിറ്റ് ആണ് അനുവദിക്കുക. 30 മിനിറ്റിൽ ഭരണപക്ഷ അംഗങ്ങൾക്കും സംസാരിക്കാൻ അവകാശമുണ്ടെന്ന് പാർലമെന്ററികാര്യ മന്ത്രി എ.കെ ബാലൻ അവകാശപ്പെട്ടു. ഇതേത്തുടർന്നാണ് സ്പീക്കറും മന്ത്രി എ.കെ ബാലനും തമ്മിൽ തർക്കം ആരംഭിച്ചത്. ചർച്ചയിൽ പങ്കെടുക്കണമെന്നുള്ളവർ എഴുതി നൽകിയാൽ അനുവാദം നൽകുമെന്നും ഇക്കാര്യത്തില്‍ ഭരണ-പ്രതിപക്ഷ വ്യത്യാസം ഇല്ലെന്നും സ്പീക്കർ പറഞ്ഞു. എ.കെ.ബാലൻ സമയം കളയരുതെന്നും സ്പീക്കർ ആവശ്യപ്പെട്ടു.
കാര്യോപദേശക സമിതി റിപ്പോർട്ട് മുഖ്യമന്ത്രിസഭയിൽ വെച്ചതോടെ ചട്ടം 215 പ്രകാരം പ്രതിപക്ഷ നേതാവ് ഉപക്ഷേപം ഉന്നയിച്ചു. ഗവർണർക്ക് എതിർപ്പുണ്ടെങ്കിൽ സ്പീക്കറെ അറിയിക്കാമായിരുന്നു. പകരം പുറത്ത് സഭയുടെ അന്തസിന് കോട്ടം വരുന്ന തരത്തിൽ പ്രസ്താവന നടത്തി.
അതാണ് 130 പ്രകാരം പ്രമേയം കൊണ്ടുവന്നത്. ചരിത്രം പരിശോധിച്ചാൽ എക്കാലത്തും മാർക്സിസ്റ്റ് പാർട്ടി ഗവർണർ പദവിക്കെതിരാണ്.
പ്രഖ്യാപിതമായ നിലപാടിൽ കടക്കൽ കത്തി വെക്കുകയാണ് സംസ്ഥാന സർക്കാർ. പ്രമേയം അംഗീകരിച്ചാലും ഇല്ലെങ്കിലും ജനങ്ങളുടെ മനസ്സിൽ ആരിഫ് മുഹമ്മദ് ഖാന് സ്ഥാനം നഷ്ടപെട്ടുവെന്നും നോട്ടീസ് വീണ്ടും കാര്യോപദേശക സമിതി പരിഗണിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഇതിനിടെ പ്രതിപക്ഷാഗംങ്ങൾക്ക് മാത്രം സംസാരിക്കാൻ അനുവാദം നൽകിയതിനെ ചോദ്യം ചെയ്ത് എ.കെ ബാലൻ രംഗത്തെത്തി. മറുപടിയുമായി സ്പീക്കറുമെത്തിയതോടെ ഇരുവരും തമ്മിൽ നേർക്ക്നേർ വാക്പോരായി.
അതേ സമയം ഗവർണർ പറഞ്ഞത് അംഗീകരിക്കുന്നില്ലെന്നും എന്നാല്‍ ഗവർണറെ തിരിച്ചയക്കണമെന്ന നിലപാട് ഇപ്പോൾ എടുക്കേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി നിലപാടറിയിച്ചു.
കാര്യോപദേശക സമിതി വീണ്ടും നോട്ടീസ് പരിഗണിക്കണമെന്ന നിലപാടിൽ പ്രതിപക്ഷം ഉറച്ച് നിന്നതോടെ ഗവർണറെ മടക്കി അയക്കണമെന്ന നോട്ടീസ് വോട്ടിനിട്ട് തളളി.