ഡോളർ കടത്ത് കേസ് : സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ഉടന്‍ ചോദ്യം ചെയ്യും

Jaihind News Bureau
Sunday, January 24, 2021

 

ഡോളർ കടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ഉടൻ ചോദ്യംചെയ്യും. വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നതിനുള്ള നോട്ടീസ് തയാറാക്കുന്നതിന്‍റെ നടപടിക്രമങ്ങൾ കസ്റ്റംസ് ആരംഭിച്ചു. കസ്റ്റംസ് ചട്ടങ്ങൾ പ്രകാരം സ്പീക്കറെ ചോദ്യംചെയ്യുന്നതിൽ നിയമ തടസങ്ങളൊന്നുമില്ലെന്നാണ് കസ്റ്റംസിന് ലഭിച്ചിരിക്കുന്ന നിയമോപദേശം.

നിയമസഭാ സമ്മേളനം അവസാനിച്ച സാഹചരൃ ത്തിൽ എത്രയുംവേഗം സ്പീക്കർ പി ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാനാണ് കസ്റ്റംസിന്‍റെ തീരുമാനം. യു.എ.ഇ കോൺസുലേറ്റ് കേന്ദ്രീകരിച്ച് കേരളത്തിൽ നിന്ന് വിദേശത്തേക്ക് വൻതോതിൽ ഡോളർ കടത്തിയതായി കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് കേസ്. കേസിൽ പ്രതികളായ സ്വപ്നാ സുരേഷ്, പി.എസ് സരിത്ത് എന്നിവർ പി ശ്രീരാമകൃഷ്ണനെതിരെ മൊഴി നൽകിയിട്ടുണ്ട്. ഡോളർ കടത്ത് കേസിൽ എം ശിവശങ്കർ നാലാം പ്രതിയാണ്. കസ്റ്റംസ് ചട്ടങ്ങൾ പ്രകാരം സ്പീക്കറെ ചോദ്യംചെയ്യുന്നതിൽ നിയമ തടസങ്ങൾ ഇല്ലെന്ന് അസിസ്റ്റന്‍റ് സോളിസിറ്റർ ജനറൽ കസ്റ്റംസിനെ അറിയിച്ചിട്ടുണ്ട്. നിയമസഭാ സെക്രട്ടേറിയറ്റും കസ്റ്റംസും തമ്മിൽ സ്പീക്കറുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിയുടെ ചോദ്യംചെയ്യൽ നോട്ടീസിന്‍റെ പേരിൽ ‘കത്ത് യുദ്ധം’ നടന്നതിനാൽ ശ്രദ്ധയോടെയാണ് കസ്റ്റംസ് നടപടിക്രമങ്ങൾ കൈകാര്യം ചെയ്യുന്നത്.

സ്പീക്കറുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി അയ്യപ്പനെ കൂടാതെ അടുത്ത സുഹൃത്തുക്കളായ നാസ് അബ്ദുല്ല, ലെഫീർ മുഹമ്മദ് എന്നിവരെയും കസ്റ്റംസ് ചോദ്യം ചെയ്തു. നാസ് അബ്ദുല്ല തന്‍റെ പേരിൽ എടുത്ത സിം കാർഡ് സ്പീക്കർ ഉപയോഗിച്ചിരുന്നതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇപ്പോൾ പ്രവർത്തിക്കുന്നില്ലാത്ത ഈ സിം കാർഡ് സ്പീക്കർ ഡോളർ കടത്തിനും മറ്റ് ഇടപാടുകൾക്കും ഉപയോഗിച്ചിരുന്നു എന്നാണ് കസ്റ്റംസ് സംശയിക്കുന്നത്. സിം കാർഡിന്‍റെ കോൾ ഡീറ്റെയ്ൽസ് അടക്കമുള്ള കാര്യങ്ങളിൽ വിശദമായ പരിശോധന അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്. സ്പീക്കറെ കൊച്ചിയിലേക്ക് വിളിച്ചു വരുത്തിയുള്ള ചോദ്യം ചെയ്യൽ ഈ ആഴ്ച്ച തന്നെ ഉണ്ടാകുമെന്നാണ് കസ്റ്റംസ് വൃത്തങ്ങൾ നൽകുന്ന സൂചന. അന്വേഷണത്തെ തടസപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണനും വ്യക്തമാക്കിയിരുന്നു.