തിരുവനന്തപുരം: മാർക്ക് ദാന വിവാദത്തിൽ മന്ത്രി കെ.ടി ജലീലിനെതിരെ കെ മുരളീധരൻ എം.പി. കെ .ടി ജലീലിന് ഡോക്ടറേറ്റ് കിട്ടിയത് ശുംഭത്തരത്തിനാണെന്നും പാലാരിവട്ടം പാലം പണിത എഞ്ചിനീയർ എൽ.ഡി.എഫിന്റെ മോഡറേഷനിലാകും ജയിച്ചതെന്നും കെ മുരളീധരൻ പറഞ്ഞു. അതേസമയം നാല് വോട്ടിന് വേണ്ടി സ്വന്തം പാർട്ടി പതാകയുടെ നിറം മാറ്റുന്നത്രയും സി.പി.എം തരംതാണുപോയെന്ന് എന്‍.കെ പ്രേമചന്ദ്രൻ എം.പിയും വ്യക്തമാക്കി. വട്ടിയൂർക്കാവിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ മോഹന്‍ കുമാറിന്റെ പ്രചാരണാര്‍ത്ഥം കുന്നുകുഴിയിൽ വെച്ച് നടന്ന പൊതുസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇരുവരും.
സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് സമ്മേളന വേദിയിൽ ഇരു നേതാക്കളും നടത്തിയത്. മാർക്ക് ദാന വിവാദത്തിൽ മന്ത്രി കെ.ടി ജലീലിന്റെ നടപടിയെ കെ മുരളീധരൻ വിമർശിച്ചു. കെ .ടി ജലീലിന് ഡോക്ട്രേറ്റ് കിട്ടിയത് ശുംഭത്തരത്തിനാണെന്നും ഐ.എ എസിന് മോഡറേഷൻ ഇല്ലെന്ന് ഈ ശുംഭനറിയില്ലേയെന്ന് കെ. മുരളിധരൻ ചോദിച്ചു. മന്ത്രി മോഡറേഷൻ കൊടുത്ത് ജയിപ്പിച്ചവർ എഞ്ചിനീയർമാരായി പാലം പണിയുന്നത് കാണേണ്ടി വരുമെന്നും കെ. മുരളിധരൻ പറഞ്ഞു.
നിയോജക മണ്ഡലത്തിന്റെ അടിസ്ഥാനത്തിൽ പാർട്ടി പതാക മാറ്റുന്നതാണ് സി.പി.എം നയം. അരൂരിലും മഞ്ചേശ്വരത്തും എന്തുകൊണ്ട് കൊടിയുടെ നിറം മാറ്റിയെന്ന് എന്‍.കെ പ്രേമചന്ദ്രന് ചോദിച്ചു. കേരളത്തിൽ സാമുദായിക വർഗീയത വളർത്തിയത് സി.പി.എമ്മാണെന്നും വോട്ടിന് വേണ്ടി എന്ത് വൃത്തിഹീന പ്രവർത്തനങ്ങൾക്കും സി.പി.എം നേതൃത്വം നൽകുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.