നടിയെ ആക്രമിച്ച കേസില്‍ നിരപരാധിത്വം തെളിയിക്കാൻ മെമ്മറി കാർഡിന്‍റെ പകർപ്പ് ആവശ്യമെന്ന് ദിലീപ്

Jaihind News Bureau
Thursday, October 3, 2019

Actor-Dileep

നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ കർശന വ്യവസ്ഥയോടെയാണെങ്കിലും കൈമാറണമെന്ന് നടൻ ദിലീപ് സുപ്രീംകോടതിയിൽ. ദൃശ്യങ്ങളിൽ വാട്ടർ മാർക്കിടണം എന്നും, വിചാരണ അവസാനിക്കുന്നതോടെ പകർപ്പ് കോടതിയ്ക്ക് തന്നെ തിരിച്ചുനൽകാമെന്നും കോടതിയെ അറിയിച്ചു. ദൃശ്യങ്ങൾ പുറത്തുപോകില്ലെന്ന് ഉറപ്പിക്കാൻ ഇതിലൂടെ കഴിയുമെന്നും ദിലീപ്.

ദൃശ്യങ്ങളുടെ പകര്‍പ്പിന് അവകാശമുണ്ടെന്ന് പറഞ്ഞ ദിലീപ് ദൃശ്യങ്ങള്‍ക്കൊപ്പമുള്ള സ്ത്രീ ശബ്ദത്തില്‍ കൃത്രിമം നടത്തിയിട്ടുണ്ടെന്നും വാദിച്ചു. ഇത് തെളിയിക്കാന്‍ ദൃശ്യങ്ങള്‍ ക്ലോണ്‍ ചെയ്ത് നല്‍കണമെന്നും സുപ്രീംകോടതിയിൽ എഴുതി തയാറാക്കിയ വാദത്തിൽ ദിലീപ് വ്യക്തമാക്കി.

എന്നാൽ, ദൃശ്യങ്ങൾ പകർത്തുകയെന്നതാണ് ലക്ഷ്യമെന്നും ആ ദൃശ്യങ്ങളുടെ പകർപ്പു നൽകുന്നത് നടിയുടെ സ്വകാര്യത സംബന്ധിച്ച മൗലികാവകാശത്തിന്‍റെ ലംഘനമാകുമെന്നുമാണ് വാദിഭാഗം അഭിഭാഷകരുടെ വാദം. വിചാരണക്കോടതി നേരത്തെ അനുവദിച്ചതുപോലെ, ദൃശ്യങ്ങൾ കാണുന്നതിനു പ്രതിക്കു തടസ്സമില്ലെന്നും പകർപ്പ് നൽകുന്നത് ദുരുപയോഗത്തിനു വഴിവയ്ക്കുമെന്നുമുള്ള നടിയുടെ നിലപാടിനെ പിന്തുണയ്ക്കുന്ന സമീപനമാണ് സർക്കാരും ഇക്കാര്യത്തില്‍ സ്വീകരിച്ചത്.