പ്രളയസമയത്ത് വിദേശയാത്ര നടത്തിയ മന്ത്രി കെ രാജുവിനെതിരെ പാർട്ടിതല നടപടിക്ക് സാധ്യത. രാജുവിനോട് സി.പി.ഐ വിശദീകരണം തേടും. വിദേശപര്യടനം ശരിയായില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു. സെപ്റ്റംബർ നാലിന് ചേരുന്ന സി.പി.ഐ എക്സിക്യൂട്ടീവ് വിഷയം ചർച്ച ചെയ്യും.
ഇക്കഴിഞ്ഞ വാഴ്യാഴ്ചയാണ് വനം മന്ത്രി കെ രാജു ജർമൻ സന്ദർശനത്തിന് പോയത്. കോട്ടയം ജില്ലയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട ചുമതല ഒഴിവാക്കിയായിരുന്നു മന്ത്രിയുടെ ജർമൻ യാത്ര. കേരളം പ്രളയക്കെടുതിൽ മുങ്ങി നി ഘട്ടത്തിൽ രാജു നടത്തിയ വിദേശയാത്ര വലിയ വിവാദമായതിന് പിന്നാലെ എത്രയും വേഗം തിരിച്ചെത്താൻ അദ്ദേഹത്തോട് പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രൻ നിർദേശിച്ചു.
നാടുമുഴുവൻ കെടുതിയിലും അതിന്റെ രക്ഷാപ്രവർത്തനത്തിലും മുഴുകുമ്പോൾ അതിനു നേതൃത്വം കൊടുക്കേണ്ട മന്ത്രി നാടുചുറ്റാൻ പോയ നടപടി ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയില്ലെണ് സി.പി.ഐ യുടെ വിലയിരുത്തൽ. സാധ്യമായ ശ്രമങ്ങളിലെല്ലാം മുഴുകുന്ന പാർട്ടിക്കും മന്ത്രിസഭയ്ക്കും ഇതു നാണക്കേടായെന്ന വിലയിരുത്തലും നേതൃത്വത്തിനുണ്ട്.
മന്ത്രിയുടെ വിദേശ പര്യടനം ശരിയില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രിയോട് വിശദീകരണം തേടാനാണ് പാർട്ടിയുടെ തീരുമാനം. സെപ്റ്റംബർ നാലിന് ചേരുന്ന സി.പി.ഐ എക്സിക്യുട്ടീവ് വിഷയം ചർച്ച ചെയ്യും. മന്ത്രിക്കെതിരെ പാർട്ടിതല നടപടി ഉണ്ടാകാനാണ് സാധ്യത. ഒരു മാസം മുമ്പാണു വിദേശയാത്രയ്ക്കുള്ള അനുമതി രാജു തേടിയത്.
സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന നിർവാഹകസമിതിയാണ് സംസ്ഥാന കൗണ്സിൽ അംഗമായ രാജുവിന് അനുവാദം നൽകിയത്. എന്നാൽ അതിനുശേഷം സ്ഥിതിഗതികൾ മാറിയത് മന്ത്രി കണക്കിലെടുത്തില്ല. പുനലൂരിലെ സ്വന്തം മണ്ഡലത്തിൽ ചില ദുരിതാശ്വാസ ക്യാംപുകൾ സന്ദർശിച്ച മന്ത്രി കുറച്ചുദിവസം താൻ ഇവിടെയുണ്ടാകില്ലെന്ന് അവരെയും അറിയിച്ചിട്ടാണ് നാടുവിട്ടത്.