നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്കാണ് അന്വേഷണസംഘം വസ്തുതാ റിപ്പോര്‍ട്ട് കൈമാറിയത്.
ക്രൈംബ്രാഞ്ച് മേധാവി എ.ഡി.ജി.പി ടി.കെ വിനോദ് കുമാറിന്റെ സാന്നിധ്യത്തിൽ പ്രത്യേക സംഘം അന്വേഷണ പുരോഗതി വിലയിരുത്തിയ റിപ്പോർട്ടാണ് ഡി.ജി.പിക്ക് കൈമാറിയത്. കുമാറിനെ കസ്റ്റഡിയിൽ പീഡിപ്പിച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഇതുവരെ ശേഖരിച്ച തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥർ റിപ്പോർട്ടിൽ വിവരിച്ചിട്ടുണ്ട്. 4 പൊലീസുകാരെയാണ് ഇപ്പോൾ കേസിൽ പ്രതിയാക്കിയിരിക്കുന്നത്. അതിൽ 2 പേരെ ഇനിയും പിടികൂടിയിട്ടില്ല.
അതേ സമയം ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി വേണുഗോപാലിനെ തല്‍സ്ഥാനത്തു നിന്ന് അന്വേഷണവിധേയമായി മാറ്റിനിര്‍ത്താനും, തുടര്വകുപ്പുതല നടപടികള്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സ്വീകരിക്കുവാനുമാണ് സാധ്യത. കൊലപാതക കേസിലെ ഒന്നാം പ്രതി എസ്.ഐ കെ.എ സാബുവിന്റെ മൊഴിയും എസ്.പി ക്ക് എതിരാണ്. എസ്.പിയുടെ അറിവോടെയായിരുന്നു അനധികൃത കസ്റ്റഡിയെന്ന് തെളിഞ്ഞാല്‍ സസ്പെന്ഷന് ഉള്‍പ്പടെയുള്ള കനത്ത വകുപ്പുതല നടപടികള്‍ പിന്നീട് ഉണ്ടാകുമെന്നാണ് സൂചന.
കൊലപാതകത്തില്‍ ഇതുവരെ അറസ്റ്റിലായ നെടുങ്കണ്ടം സിവില്‍ പൊലീസ് ഉദ്യോഗസ്ഥന് സജീവ് ആന്റണി പീരുമേട് സബ് ജയിലിലും എസ്.ഐ കെ.എ സാബു ദേവികുളം സബ് ജയിലിലുമാണ് കഴിയുന്നത്. പൊലീസ് ഡ്രൈവര്‍ നിയാസ്, സി.പി.ഒ റെജിമോന് എന്നിവരാണ് ഒളിവിലുള്ളത്. ഇരുവരുടെയും അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. ഇവരാണ് രാജ്കുമാറിനെ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് സജീവ് ആന്റണി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം റിപ്പോർട്ട് സമർപ്പിച്ച സാഹചര്യത്തിൽ തുടർനടപടികളെ കുറിച്ചുള്ള ചോദ്യത്തിന് ഡി.ജി.പി മറുപടി നൽകിയില്ല.