കാസര്‍കോട് സി.പി.എം നടത്തിയ ഇരട്ടക്കൊലപാതകം: സിബിഐ അന്വേഷിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്, കൊലപാതകം സിപിഎം നേതാക്കളുടെ അറിവോടെ

Jaihind Webdesk
Tuesday, February 19, 2019

Dean-Kuriakose-YC_President

കാസര്‍കോട്: കാസര്‍കോട് ഇരട്ടക്കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്. സിപിഎം കളരിയില്‍ ആയുധപരിശീലനം നേടിയസംഘമാണ് ഈ കൃത്യത്തിന് പിന്നില്‍. കണ്ണൂര്‍ ജില്ലയിലെ സിപിഎം നേതാക്കള്‍ക്ക് കില്ലര്‍ സ്‌ക്വാഡുകളുമായി ബന്ധമുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണിത്. കൃപേഷിന്റെയും ശരത്‌ലാലിന്റെയും വീട്ടില്‍ പോയ തങ്ങള്‍ക്ക് കണ്ണുനീര്‍ വന്നു. എന്നിട്ടും ഞങ്ങളെ ആക്രമിച്ചാല്‍ ഞങ്ങള്‍ തിരിച്ചടിക്കുമെന്നാണ് സിപിഎമ്മിന്റെ ഒരു നേതാവ് പറഞ്ഞത്.കൊലപാതകത്തില്‍ സിപിഎമ്മിനെ ന്യായീകരിക്കാനാണ് ഇദ്ദേഹം ശ്രമിച്ചത്. അതിനുമാത്രം എന്ത് തെറ്റാണ് കൃപേഷും ശരത്‌ലാലും ചെയ്തതെന്ന് ഡീന്‍ കുര്യാക്കോസ് ചോദിച്ചു.

ഇരട്ടക്കൊലപാതകത്തില്‍ പ്രതികരിച്ചില്ലെന്ന് ആരോപിച്ച് സാംസ്‌കാരിക നായകന്മാരെയും യൂത്ത് കോണ്‍ഗ്രസ് വിമര്‍ശിച്ചു. നിങ്ങളെയൊന്നും നാടിന് ആവശ്യമില്ല. നിങ്ങളുടെ സംഭാവന എന്താണ്. ചിലര്‍ക്ക് വേണ്ടി റിസര്‍വ് ചെയ്തിരിക്കുകയാണ് ഇവരുടെ നാവുകള്‍ എന്നും ഡീന്‍ കുര്യാക്കോസ് ആരോപിച്ചു.

അഭിമന്യൂവിന് വേണ്ടി പ്രതികരിച്ച സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ല. മനസാക്ഷി മരവിക്കാത്ത സാംസ്‌കാരിക പ്രവര്‍ത്തകര്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ കൃപേഷിന്റെയും ശരത്‌ലാലിന്റെയും വീട് സന്ദര്‍ശിക്കാന്‍ ഇവര്‍ തയ്യാറാകണമെന്നും ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.