ബജറ്റിൽ കശുവണ്ടി മേഖലയ്ക്ക് കരിനിറം

Jaihind Webdesk
Saturday, February 2, 2019

Cashew-ThomasIssac-Budget

ധനമന്ത്രി തോമസ് ഐസക്കിന്റെ ഇത്തവണത്തെ ബജറ്റിൽ കശുവണ്ടി മേഖലയ്ക്ക് കരിനിറം. പൊതുമേഖല വിഹിതം കുറഞ്ഞപ്പോൾ സ്വകാര്യ കശുവണ്ടി വ്യവസായ മേഖലയിലെ പ്രതീക്ഷകൾക്കും തിരിച്ചടിയായി .700 ഓളം സ്വകാര്യ കശുവണ്ടി ഫാക്ടറികൾ പൂട്ടിക്കിടക്കുമ്പോൾ, ബഡ്ജറ്റിൽ പ്രഖ്യാപിച്ച 25 കോടി അപര്യാപ്തമെന്നാണ് കശുവണ്ടി വ്യവസായികളും പറയുന്നത്. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച 20 കോടി രൂപ എവിടെയെന്നും കടക്കെണിയിലായ വ്യവസായികൾ ചോദിക്കുകയാണ്.

മുമ്പ് ബജറ്റിൽ 100 കോടി രൂപവരെ അനുവദിച്ചിരുന്ന കശുവണ്ടി വ്യവസായത്തിലെ പൊതു മേഖലയ്ക്ക് ഇത്തവണ വകയിരുത്തിയത് വെറും80 കോടി. ഇതിൽ തന്നെ കശുവണ്ടി വികസന കോർപ്പറേഷനും കാപ്പക്‌സിന്നും 19 കോടി മാത്രമാണ് നീക്കിവെച്ചിട്ടുള്ളത്. കശുവണ്ടി വ്യവസായം തകർന്നതോടെ ആത്മഹത്യയുടെ വക്കിലായ തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി, ബോണസ് അടക്കമുള്ള അനുകുല്യങ്ങൾക്കായുള്ള തുകയും ബജറ്റിൽ അവ്യക്തം. സ്വകാര്യ കശുവണ്ടി വ്യവസായ മേഖലയ്ക്കായി 25 കോടി രൂപ മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത് .ബാങ്കുകൾ ഒരു വിട്ടുവീഴ്ച്ചയക്കും തയ്യാറാകാത്ത നിലവിലെ പ്രതികൂല സാഹചര്യത്തിൽ ഏറെ പ്രതീക്ഷയോടെയാണ് തൊഴിലാളികളും വ്യവസായികളും ബഡ്ജറ്റിനെ ഉറ്റു നോക്കിയിരുന്നത്.700 ഓളം കശുവണ്ടി ഫാക്ടറികൾ കടക്കെണിയിൽ പൂട്ടിക്കിടക്കുന്ന സംസ്ഥാനത്ത് 25 കോടി എന്തിന് തികയ്യുമെന്നാണ് കശുവണ്ടി വ്യവസായികളുടെ ചോദ്യം.

കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനമായ 20 കോടി രൂപ എങ്ങനെ ‘ചിലവഴിച്ചുവെന്ന് പോലും സ്വകാര്യ കശുവണ്ടി വ്യവസായികൾക്ക് അറിയില്ല. സ്വകാര്യ മേഖലയിലെ പുനരുജജീവനത്തിന് 700 കോടിയുടെ പദ്ധതികളെങ്കിലും വേണമെന്നതായിരുന്നു വ്യവസായികളുടെ ആവശ്യം. ബജറ്റ് പ്രഖ്യാപനത്തിൽ അർഹമായ പരിഗണന കശുവണ്ടി മേഖലയ്ക്ക് ലഭിക്കാത്ത സാഹചര്യത്തിൽ ഈ മേഖലയിലെ പ്രതിസന്ധി തുടരുമെന്ന് തന്നെ ചുരുക്കം.