അങ്കമാലിയിൽ ആനപ്പക; വിരണ്ടോടിയ ആന ലോറി ഡ്രൈവറെ ചവിട്ടിക്കൊന്നു

Jaihind News Bureau
Friday, May 1, 2026

 

അങ്കമാലിയിൽ ഉത്സവത്തിനെത്തിച്ച ആനയിടഞ്ഞ് ഒരാൾക്ക് ദാരുണാന്ത്യം. ആനയെ എത്തിച്ച വാഹനത്തിന്റെ ഡ്രൈവർ വിഷ്ണുവാണ് മരിച്ചത്. ആനയെ തളയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് വിഷ്ണുവിനെ ആന ചവിട്ടി വീഴ്ത്തിയത്. ഗുരുതരമായി പരിക്കേറ്റ രണ്ടാം പാപ്പാൻ പ്രദീപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അങ്കമാലി കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്രപരിസരത്ത് ഇന്ന് ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കൊല്ലം മയ്യനാട് സ്വദേശിയായ ‘മയ്യനാട് പാർത്ഥസാരഥി’ എന്ന ആനയാണ് വിരണ്ടോടിയത്. സമീപത്തെ സുബ്രഹ്മണ്യക്ഷേത്രത്തിലെ എഴുന്നള്ളത്തിനായി എത്തിച്ചതായിരുന്നു ആനയെ. കുളിപ്പിച്ച ശേഷം മഹാവിഷ്ണു ക്ഷേത്രത്തിൽ തൊഴീക്കാൻ കൊണ്ടുവന്നപ്പോഴാണ് ആന പ്രകോപിതനായത്.

വിരണ്ടോടിയ ആനയെ തളയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഡ്രൈവർ വിഷ്ണുവിനെ ആന ആക്രമിച്ചത്. ചവിട്ടേറ്റ വിഷ്ണു സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. പരുക്കേറ്റ രണ്ടാം പാപ്പാൻ പ്രദീപിനെ ഉടൻ തന്നെ അങ്കമാലി ഈസ്റ്റ് ഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രണ്ടര മണിക്കൂറോളം പ്രദേശത്ത് പരിഭ്രാന്തി പരത്തിയ ആനയെ ഒടുവിൽ മയക്കുവെടി വച്ചു. എലിഫന്റ് സ്‌ക്വാഡ് എത്തി ആനയുടെ പിൻകാലിലാണ് മയക്കുവെടി വെച്ചത്.