കേരളം ചുട്ടുപൊള്ളുന്നു; ഇന്നും നാളെയും കടുത്ത ചൂട് തുടരും; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്

Jaihind News Bureau
Sunday, April 26, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു. ഇന്നും നാളെയും (ഏപ്രിൽ 26, 27) കേരളത്തിൽ കടുത്ത ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യം നിലനിൽക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. സാധാരണ ലഭിക്കേണ്ട താപനിലയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ചൂട് വർദ്ധിക്കാനാണ് സാധ്യത. നിലവിലെ സാഹചര്യം പരിഗണിച്ച് സൂര്യാഘാതം, നിർജ്ജലീകരണം എന്നിവയ്ക്കെതിരെ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.

ജില്ലാ തിരിച്ചുള്ള താപനില:

  • പാലക്കാട്: ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം.

  • കൊല്ലം, കോട്ടയം, പത്തനംതിട്ട, തൃശ്ശൂർ, കോഴിക്കോട്: ഈ ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെ ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ട്.

  • മറ്റ് ജില്ലകൾ: ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസും തിരുവനന്തപുരത്ത് 36 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയർന്നേക്കാം.

സുരക്ഷാ മുൻകരുതലുകൾ

 ഉച്ചയ്ക്ക് 11 മണി മുതൽ വൈകിട്ട് 3 മണി വരെയുള്ള സമയത്ത് നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം. ദാഹം അനുഭവപ്പെട്ടില്ലെങ്കിലും കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുന്നത് ശീലമാക്കുക. പുറത്തിറങ്ങുന്നവർ അയഞ്ഞ പരുത്തി വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കണം. നേരിട്ട് വെയിൽ ഏൽക്കുന്ന തൊഴിലുകളിൽ ഏർപ്പെടുന്നവർ ജോലി സമയം പുനഃക്രമീകരിക്കണമെന്നും നിർദ്ദേശമുണ്ട്. കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം.