പ്രതിപക്ഷ നേതാവ് വാഗ്ദാനം പാലിച്ചു; നിതിൻ രാജിന്റെ കുടുംബത്തിന് വീടൊരുങ്ങുന്നു; ആദ്യഗഡു കൈമാറി വി.എസ്. ശിവകുമാർ

Jaihind News Bureau
Tuesday, April 14, 2026

ജാതീയ അധിക്ഷേപത്തെത്തുടർന്ന് അകാലത്തിൽ പൊലിഞ്ഞ നിതിൻ രാജിന്റെ കുടുംബത്തിന് ആശ്വാസമേകി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിതിന്റെ കുടുംബത്തിന് പ്രതിപക്ഷ നേതാവ് വാഗ്ദാനം ചെയ്തിരുന്ന വീടിന്റെ നിർമ്മാണത്തിനായുള്ള ആദ്യ ഗഡു കൈമാറി. അഞ്ച് ലക്ഷം രൂപയുടെ ചെക്ക് മുൻമന്ത്രി വി.എസ്. ശിവകുമാറാണ് കുടുംബത്തിന് കൈമാറിയത്. സ്വന്തമായി ഒരു വീടെന്ന വലിയ സ്വപ്നം ബാക്കിവെച്ചാണ് ഉന്നത പഠനത്തിന് പോയ നിതിൻ രാജ് വിടപറഞ്ഞത്. ഈ ദുഃഖവാർത്ത അറിഞ്ഞ് നെടുമങ്ങാട് ഉഴമലയ്ക്കലിലെ നിതിന്റെ വാടകവീട്ടിലെത്തിയ പ്രതിപക്ഷ നേതാവ്, കുടുംബത്തിന്റെ വീടെന്ന സ്വപ്നം ഏറ്റെടുക്കുമെന്ന് ഉറപ്പുനൽകിയിരുന്നു.

 പ്രതിപക്ഷ നേതാവിന്റെ കരുതലിൽ വീടൊരുങ്ങുന്നതിന്റെ ആദ്യ ഘട്ടമായാണ് ഈ തുക കൈമാറിയത്. നിതിന്റെ വീട്ടിലെത്തി തുക കൈമാറിയ മുൻമന്ത്രി വി.എസ്. ശിവകുമാർ കുടുംബത്തോട് വിശേഷങ്ങൾ ആരായുകയും സാന്ത്വനമേകുകയും ചെയ്തു. വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതോടെ രണ്ടാം ഘട്ടത്തിനുള്ള തുകയും ലഭ്യമാക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. വിവേചനത്തിന്റെയും നോവിന്റെയും ഇരയായ ഒരു വിദ്യാർത്ഥിയുടെ കുടുംബത്തിന് നീതിയും തണലും ഒരുക്കാനുള്ള പ്രതിപക്ഷ നേതാവിന്റെ ഈ ഇടപെടൽ ഏറെ ശ്രദ്ധേയമാണ്.