ആശാ ഭോസ്ലേയ്ക്ക് ആദരമര്‍പ്പിച്ചു; പാക് ചാനലിന് പാക് മാധ്യമ നിയന്ത്രണ അതോറിറ്റിയുടെ കാരണം കാണിക്കല്‍ നോട്ടീസ്

Jaihind News Bureau
Tuesday, April 14, 2026

ഇസ്ലാമാബാദ്: വിശ്വപ്രസിദ്ധ ഗായിക ആശാ ഭോസ്ലേയുടെ വിയോഗവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത പാകിസ്താനിലെ പ്രമുഖ വാര്‍ത്താ ചാനലായ ‘ജിയോ ന്യൂസി’നെതിരെ നടപടി. ഇന്ത്യന്‍ ഉള്ളടക്കങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിലെ നിരോധനം ലംഘിച്ചുവെന്ന് കാട്ടി പാകിസ്താന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി ചാനലിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. ലോകം മുഴുവന്‍ ഇതിഹാസ ഗായികയ്ക്ക് അന്ത്യോപചാരം അര്‍പ്പിക്കുമ്പോഴാണ് പാകിസ്താന്റെ ഈ വിവാദ നീക്കം.

ഇന്ത്യന്‍ ഉള്ളടക്കങ്ങള്‍ പാകിസ്താന്‍ ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്നത് വിലക്കിക്കൊണ്ട് 2018-ല്‍ പാക് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇന്ത്യന്‍ സംസ്‌കാരം പ്രാദേശിക സംസ്‌കാരത്തെ തകര്‍ക്കുന്നു എന്ന വാദമുയര്‍ത്തിയായിരുന്നു ഈ നിരോധനം. ആശാ ഭോസ്ലേയുടെ വിയോഗം റിപ്പോര്‍ട്ട് ചെയ്തതിലൂടെ ജിയോ ന്യൂസ് ഈ കോടതി ഉത്തരവ് മനഃപൂര്‍വ്വം ലംഘിച്ചു എന്നാണ് അധികൃതരുടെ നിലപാട്.

അതോറിറ്റിയുടെ നടപടിയെ ജിയോ ന്യൂസ് ഉര്‍ദു മാനേജിംഗ് ഡയറക്ടര്‍ അസര്‍ അബ്ബാസ് രൂക്ഷമായി വിമര്‍ശിച്ചു. കലയും കലാകാരന്മാരും രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ഇരകളാകരുത് എന്ന് അദ്ദേഹം ‘എക്‌സ്’ പ്ലാറ്റ്ഫോമില്‍ കുറിച്ചു. ഇതിഹാസ കലാകാരിയുടെ വിയോഗം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അവരുടെ കലാജീവിതം പരാമര്‍ശിക്കുക എന്നത് സ്വാഭാവികമാണെന്നും അദ്ദേഹം വ്യക്തമാക്കി. പാക് ഗായിക നൂര്‍ജഹാനെ സ്വന്തം സഹോദരിയായി കണ്ടിരുന്ന, നുസ്രത്ത് ഫത്തേ അലി ഖാനെപ്പോലുള്ളവരുമായി സഹകരിച്ച ആശാ ഭോസ്ലേയുടെ കല അതിര്‍ത്തികള്‍ക്ക് അപ്പുറമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 92-ാം വയസ്സിലായിരുന്നു ആശാ ഭോസ്ലേയുടെ അന്ത്യം. തിങ്കളാഴ്ച മുംബൈ ശിവാജി പാര്‍ക്ക് ശ്മശാനത്തില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടന്നു. മകന്‍ ആനന്ദ് ഭോസ്ലേ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ രാഷ്ട്രീയ-സാംസ്‌കാരിക മേഖലയിലെ പ്രമുഖരടക്കം ആയിരക്കണക്കിന് ആരാധകര്‍ പങ്കെടുത്തു.