
കോഴിക്കോട് ചെലവൂരില്‍ 16 വയസ്സുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. മൂഴിക്കല്‍ സ്വദേശിനി നസ്രീന (16) ആണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ ബന്ധുവായ അദിനാന് എന്ന യുവാവാണ് കൊലപാതകം നടത്തിയത്. നസ്രീനയെ കൊലപ്പെടുത്തിയ ശേഷം അദിനാന് സ്വയം ജീവനൊടുക്കുകയായിരുന്നു.
അദിനാന് സ്ഥിരം പ്രശ്നക്കാരനായിരുന്നുവെന്ന് പോലീസ് പ്രാഥമിക അന്വേഷണത്തില്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് ഇയാളെ മുന്‍പ് നസ്രീനയുടെ വീട്ടില്‍ നിന്നും പുറത്താക്കിയിരുന്നു. എന്നാല്‍ ഇന്നലെ രാത്രി ഇയാള്‍ കള്ളത്താക്കോല്‍ സംഘടിപ്പിച്ച് വീട്ടില്‍ അതിക്രമിച്ചു കയറിയതായാണ് സംശയിക്കുന്നത്. വീട്ടില്‍ ആരുമില്ലാത്ത സമയത്താണോ കൃത്യം നടന്നതെന്ന കാര്യത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി അയല്‍വാസികളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പോലീസ് മൊഴിയെടുക്കുന്നുണ്ട്.