മാര്‍പ്പാപ്പയ്ക്ക് നേരെ ട്രംപിന്റെ കടന്നാക്രമണം; ‘ഇടതുപക്ഷത്തെ പ്രീണിപ്പിക്കുന്നത് നിര്‍ത്തണം’

Jaihind News Bureau
Monday, April 13, 2026

വാഷിംഗ്ടണ്‍: ഇറാന്‍ വിഷയത്തില്‍ തനിക്കെതിരെ വിമര്‍ശനമുന്നയിച്ച ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയെ രൂക്ഷമായി പരിഹസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വിദേശ നയങ്ങളില്‍ മാര്‍പ്പാപ്പ തീര്‍ത്തും പരാജയമാണെന്നും, കുറ്റകൃത്യങ്ങളോടുള്ള അദ്ദേഹത്തിന്റെ നിലപാട് ദുര്‍ബലമാണെന്നും ട്രംപ് ആരോപിച്ചു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയും വാര്‍ത്താ ഏജന്‍സിയായ ടാര്‍മാക്കിന് നല്‍കിയ അഭിമുഖത്തിലുമായിരുന്നു ട്രംപിന്റെ വിവാദ പരാമര്‍ശങ്ങള്‍.

മാര്‍പ്പാപ്പ തീവ്ര ഇടതുപക്ഷത്തെ തൃപ്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഒബാമ അനുഭാവികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നു. രാഷ്ട്രീയക്കാരനാകാതെ ഒരു നല്ല പോപ്പാകാനാണ് അദ്ദേഹം ശ്രമിക്കേണ്ടതെന്നും ട്രംപ് ഉപദേശിച്ചു. തന്നെ നേരിടാന്‍ വേണ്ടിയാണ് ഒരു അമേരിക്കക്കാരനായ ലിയോയെ സഭ മാര്‍പ്പാപ്പയായി തിരഞ്ഞെടുത്തത്. താന്‍ വൈറ്റ് ഹൗസില്‍ ഇല്ലായിരുന്നുവെങ്കില്‍ ലിയോ വത്തിക്കാനില്‍ ഉണ്ടാകുമായിരുന്നില്ലെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാന്‍ ആണവായുധം കൈവശം വെക്കുന്നതിനെ അനുകൂലിക്കുന്ന ഒരു മാര്‍പ്പാപ്പയെ അംഗീകരിക്കാനാവില്ല. മയക്കുമരുന്ന് കടത്തുകാരെയും കൊലയാളികളെയും അയക്കുന്ന വെനിസ്വേലയ്ക്കെതിരായ അമേരിക്കന്‍ നീക്കങ്ങളെ മാര്‍പ്പാപ്പ വിമര്‍ശിക്കുന്നത് ശരിയല്ലെന്നും ട്രംപ് പറഞ്ഞ ‘ഞാന്‍ പോപ്പ് ലിയോയുടെ ആരാധകനല്ല. അദ്ദേഹം സാമാന്യബുദ്ധി ഉപയോഗിക്കണം. ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നത് നിര്‍ത്തി തന്റെ കടമകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം.’ – ഡൊണാള്‍ഡ് ട്രംപ്

മാര്‍പ്പാപ്പയുമായുള്ള തര്‍ക്കത്തിനിടയില്‍, യേശുക്രിസ്തുവിനോളം വിശുദ്ധിയുള്ള ശക്തി തനിക്കുണ്ടെന്ന് സൂചിപ്പിക്കുന്ന ഒരു ചിത്രം ട്രംപ് പങ്കുവെച്ചത് വലിയ ചര്‍ച്ചയായിട്ടുണ്ട്. ക്രിസ്തീയ വസ്ത്രം ധരിച്ച് രോഗിയെ സുഖപ്പെടുത്തുന്ന രൂപത്തിലുള്ള ട്രംപിന്റെ ചിത്രത്തില്‍ അമേരിക്കന്‍ പതാകയും കഴുകന്മാരും ഉള്‍പ്പെടുന്നു. കഴിഞ്ഞ ശനിയാഴ്ച സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന പ്രാര്‍ത്ഥനയ്ക്കിടെ അമേരിക്കയും ഇറാനും യുദ്ധം അവസാനിപ്പിക്കണമെന്ന് മാര്‍പ്പാപ്പ ആഹ്വാനം ചെയ്തിരുന്നു. സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കെ വന്ന ഈ പ്രസ്താവനയാണ് ട്രംപിനെ ചൊടിപ്പിച്ചത്. ഇറാനുമായുള്ള സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ മേഖലയില്‍ വലിയ സൈനിക നീക്കമുണ്ടാകുമെന്ന് അമേരിക്ക നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.