“65,000 പേർക്ക് വോട്ട് നിഷേധിച്ചു; തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത തകർന്നു”; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കത്തയച്ച് വി.ഡി സതീശന്‍

Jaihind News Bureau
Sunday, April 12, 2026

കേരളത്തിലെ ആയിരക്കണക്കിന് പോളിംഗ് ഉദ്യോഗസ്ഥർക്ക് തപാൽ വോട്ട് നിഷേധിക്കപ്പെട്ട സംഭവത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തിരഞ്ഞെടുപ്പ് യന്ത്രസംവിധാനത്തിന്റെ പരാജയമാണ് വോട്ടവകാശം നിഷേധിക്കപ്പെടാൻ കാരണമായതെന്ന് അദ്ദേഹം ആരോപിച്ചു. ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കപ്പെട്ടതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.

തപാൽ ബാലറ്റുകളുടെ ലഭ്യതക്കുറവ് മൂലം നിരവധി പേർക്ക് വോട്ട് ചെയ്യാൻ സാധിച്ചില്ലെന്ന് സതീശൻ ചൂണ്ടിക്കാട്ടി. തപാൽ വോട്ടിനുള്ള സമയം ഒരാഴ്ച കൂടി നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ട് ഏപ്രിൽ 8-ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിരുന്നെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അത് നിരസിക്കുകയായിരുന്നു. ഭരണഘടനയുടെ 326-ാം അനുച്ഛേദം ഉറപ്പുനൽകുന്ന വോട്ടവകാശം ഉദ്യോഗസ്ഥരുടെ വീഴ്ച മൂലം നിഷേധിക്കപ്പെടുന്നത് ജനാധിപത്യ തത്വങ്ങളുടെ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു.

മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 65,000 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ഇത്തവണ വോട്ട് ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇതിൽ ഭൂരിഭാഗവും ബാലറ്റ് പേപ്പർ ലഭിക്കാത്തതുകൊണ്ടാണ്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർക്ക് വോട്ട് നിഷേധിക്കപ്പെടുന്നത് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണ്. ഈ വീഴ്ചയ്ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്നും, ബാലറ്റ് ലഭിക്കാത്തതുകൊണ്ട് മാത്രം എത്രപേർക്ക് വോട്ട് നഷ്ടപ്പെട്ടുവെന്ന കണക്ക് പരസ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.