ഹൈദരാബാദിനെ ആറ് വിക്കറ്റിന് തകര്‍ത്തു; ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിന്റെ വിജയക്കുതിപ്പ് തുടരുന്നു

Jaihind News Bureau
Saturday, April 11, 2026

ചണ്ഡീഗഢ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി പഞ്ചാബ് കിങ്സ് തങ്ങളുടെ അപരാജിത മുന്നേറ്റം തുടരുന്നു. ഹൈദരാബാദ് ഉയര്‍ത്തിയ 220 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം ഏഴ് പന്തുകള്‍ ബാക്കിനില്‍ക്കെ (18.5 ഓവറില്‍) നാല് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് മറികടന്നു. ഈ തകര്‍പ്പന്‍ ജയത്തോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്താനും പഞ്ചാബിനായി.

ഓപ്പണര്‍മാരായ പ്രിയാംശ് ആര്യ, പ്രഭ്സിമ്രാന്‍ സിങ്, ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് പഞ്ചാബിന്റെ ജയം അനായാസമാക്കിയത്. വെറും 33 പന്തില്‍ 5 സിക്‌സും 5 ഫോറും സഹിതം 69 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ശ്രേയസ് അയ്യരാണ് ടീമിനെ മുന്നില്‍ നിന്ന് നയിച്ചത്.

മികച്ച തുടക്കമാണ് പഞ്ചാബ് ഓപ്പണര്‍മാര്‍ നല്‍കിയത്. പവര്‍പ്ലേയില്‍ തന്നെ 93 റണ്‍സ് അടിച്ചുകൂട്ടിയ പ്രിയാംശ്-പ്രഭ്സിമ്രാന്‍ സഖ്യം ഒന്നാം വിക്കറ്റില്‍ 99 റണ്‍സ് ചേര്‍ത്തു. പ്രിയാംശ് 20 പന്തില്‍ 57 റണ്‍സും പ്രഭ്സിമ്രാന്‍ 25 പന്തില്‍ 51 റണ്‍സും നേടി. അവസാന ഓവറുകളില്‍ ശശാങ്ക് സിങ് (16*) ക്യാപ്റ്റന് മികച്ച പിന്തുണ നല്‍കി. ഹൈദരാബാദിനായി ശിവംഗ് കുമാര്‍ റെഡി മൂന്ന് വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്സിനായി ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയും ട്രാവിസ് ഹെഡും ചേര്‍ന്ന് വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. വെറും 49 പന്തില്‍ 120 റണ്‍സാണ് ഈ സഖ്യം കൂട്ടിച്ചേര്‍ത്തത്. അഭിഷേക് ശര്‍മ 28 പന്തില്‍ 8 സിക്‌സറുകളടക്കം 74 റണ്‍സ് വാരിക്കൂട്ടി. ട്രാവിസ് ഹെഡ് 38 റണ്‍സെടുത്തു.

എന്നാല്‍ ഒന്‍പതാം ഓവറില്‍ ശശാങ്ക് സിങ് ഇരുവരെയും പുറത്താക്കിയതോടെ ഹൈദരാബാദിന്റെ വേഗം കുറഞ്ഞു. ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്‍ (27), ഹെന്റിച്ച് ക്ലാസന്‍ (39) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചതോടെയാണ് ഹൈദരാബാദ് 6 വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സിലെത്തിയത്. പഞ്ചാബിനായി അര്‍ഷ്ദീപ് സിങ്, ശശാങ്ക് സിങ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.