
നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയഭീതി കാരണം സിപിഎം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സര്‍ക്കാരിന്റെ ഒത്താശയോടെയാണ് ഈ അക്രമങ്ങള്‍ നടക്കുന്നത്. ജി. സുധാകരനെയും ടി.എന്‍. പ്രതാപനെയും തടഞ്ഞത് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് പോലീസ് നിഷ്ക്രിയമാണെന്നും പ്രതികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പോലീസ് വിന്യാസം ഫലപ്രദമായില്ല. ഇത്തരം അക്രമങ്ങളെ അതിജീവിച്ചാണ് യുഡിഎഫ് പ്രവര്‍ത്തിച്ചത്. വോട്ടെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തില്‍ നൂറില്‍ കുറയാത്ത സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തില്‍ വരുമെന്നും സണ്ണി ജോസഫ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
തന്റെ പേരില്‍ പ്രചരിച്ച വ്യാജ കത്തുമായി ബന്ധപ്പെട്ട് ഡിജിപിക്കും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയിട്ടും പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല. നല്‍കാത്ത കത്തിന്റെ ഉറവിടം കണ്ടെത്താന്‍ ഏതറ്റം വരെയും പോകും. പോലീസില്‍ നിന്ന് നീതി ലഭിക്കാത്ത പക്ഷം കോടതിയെ സമീപിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.