കുട്ടനാട്ടില്‍ ആവേശം വിതറി ചാണ്ടി ഉമ്മന്റെ സൈക്കിള്‍ റാലി; സ്ഥാനാര്‍ത്ഥി റെജി ചെറിയാനൊപ്പം വീടുകളില്‍ വോട്ടഭ്യര്‍ത്ഥന നടത്തി

Jaihind News Bureau
Friday, March 27, 2026

എടത്വ: കുട്ടനാട് നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി റെജി ചെറിയാന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേറിട്ട ശൈലിയില്‍ കരുത്തുപകര്‍ന്ന് പുതുപ്പള്ളി എം.എല്‍.എ ചാണ്ടി ഉമ്മന്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനകീയ പാരമ്പര്യം അനുസ്മരിപ്പിക്കുന്ന രീതിയില്‍, വോട്ടര്‍മാരിലേക്ക് നേരിട്ടെത്തുന്നതിനായി ചാണ്ടി ഉമ്മന്റെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ സൈക്കിള്‍ പ്രഭാതസവാരി സംഘടിപ്പിച്ചു.

എടത്വ പച്ച ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച സൈക്കിള്‍ പര്യടനം മുട്ടാര്‍ വരെയാണ് നീണ്ടുനിന്നത്. സ്ഥാനാര്‍ത്ഥി റെജി ചെറിയാനും ചാണ്ടി ഉമ്മനോടൊപ്പം സൈക്കിള്‍ ചവിട്ടി വോട്ടര്‍മാരെ കാണാനെത്തി. ഈ വേറിട്ട പ്രചാരണ രീതി കുട്ടനാട്ടിലെ വോട്ടര്‍മാര്‍ക്കിടയില്‍ വലിയ തരംഗമാണ് സൃഷ്ടിച്ചത്.
സൈക്കിള്‍ യാത്രയ്ക്കിടയില്‍ പ്രധാന കവലകളിലും വീടുകളിലും ഇരുവരും സന്ദര്‍ശനം നടത്തി. പ്രഭാതസവാരിക്കിറങ്ങിയവരോടും വീട്ടമ്മമാരോടും കുശലാന്വേഷണം നടത്തിയും വോട്ട് അഭ്യര്‍ത്ഥിച്ചുമാണ് സംഘം മുന്നോട്ട് നീങ്ങിയത്. വഴിയോരങ്ങളില്‍ കാത്തുനിന്ന വോട്ടര്‍മാരും സജീവ പ്രവര്‍ത്തകരും ആവേശപൂര്‍വ്വമാണ് ചാണ്ടി ഉമ്മനെയും സ്ഥാനാര്‍ത്ഥിയെയും സ്വീകരിച്ചത്.

സാധാരണക്കാരായ വോട്ടര്‍മാരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് കേള്‍ക്കാനും അവരുമായി ഹൃദ്യമായ ബന്ധം സ്ഥാപിക്കാനും ഈ സൈക്കിള്‍ റാലിയിലൂടെ സാധിച്ചുവെന്ന് റെജി ചെറിയാന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയെ സ്‌നേഹിക്കുന്ന ഒരു വലിയ ജനസമൂഹം കുട്ടനാട്ടിലുണ്ടെന്നും ആ സ്‌നേഹം യു.ഡി.എഫിന്റെ വിജയത്തിന് കരുത്താകുമെന്നും ചാണ്ടി ഉമ്മന്‍ പ്രത്യാശ പ്രകടിപ്പിച്ചു.