
പാലക്കാട് ബി.ജെ.പിസി.പി.എം അവിഹിത ബാന്ധവം പ്രകടമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആരോപിച്ചു. യു.ഡി.എഫ് വോട്ടുകള്‍ ഭിന്നിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഇരു പാര്‍ട്ടികളും തമ്മിലുള്ള ഡീലിലൂടെ നടക്കുന്നത്. എന്നാല്‍ ജനങ്ങളുടെ പിന്തുണയോടെ ഈ രാഷ്ട്രീയ കരുനീക്കങ്ങളെ കോണ്‍ഗ്രസ് മറികടക്കും. ഈ ജനവിരുദ്ധ സര്‍ക്കാരിനെ താഴെയിറക്കാന്‍ കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജി.സുധാകരനെതിരെയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ‘ചെറ്റത്തരം’ പരാമര്‍ശത്തിനെതിരെ കടുത്ത ഭാഷയിലാണ് പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്. ഒരു മുഖ്യമന്ത്രി പദത്തിലിരിക്കുന്ന വ്യക്തി ഉപയോഗിക്കാന്‍ പാടില്ലാത്ത തരംതാണ ഭാഷയാണിതെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് കേരളം കണ്ട ഏറ്റവും വലിയ നുണയന്മാരില് ഒരാളാണെന്നും സതീശന് പരിഹസിച്ചു. ഒരു കാലത്ത് ‘അവള്‍ക്കൊപ്പമെന്ന്’ പ്രഖ്യാപിച്ച മുഖ്യമന്ത്രി ഇപ്പോള്‍ വേട്ടക്കാര്‍ക്കൊപ്പം (അവനൊപ്പം) നില്‍ക്കുകയാണെന്നും, അന്നത്തെ പി.ആര് വര്‍ക്കുകള്‍ ഇപ്പോള്‍ പൊളിഞ്ഞുവീണെന്നും അദ്ദേഹം വിമര്‍ശിച്ചു.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെയും കേന്ദ്ര നേതാക്കളെയും സതീശന് കടന്നാക്രമിച്ചു. രാജീവ് ചന്ദ്രശേഖറിന്റെ കയ്യില്‍ നിന്ന് രാഷ്ട്രീയം പഠിക്കേണ്ട ഗതികേട് യു.ഡി.എഫിനില്ല. ബി.ജെ.പിയുമായി വോട്ട് കച്ചവടം നടത്തുന്നത് സി.പി.എമ്മാണെന്നും അത് ജനങ്ങള്‍ തിരിച്ചറിയുമെന്നും വി.ഡി. സതീശന് വ്യക്തമാക്കി.