തിരഞ്ഞെടുപ്പ് ചൂടിനിടെ കുസാറ്റിൽ ‘തിരക്കിട്ട’ നിയമനം; ഞായറാഴ്ചയും ഓഫീസ് തുറന്ന് സർക്കാർ ഉത്തരവ്

Jaihind News Bureau
Tuesday, March 17, 2026

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് തൊട്ടുമുൻപായി തങ്ങൾക്ക് താൽപ്പര്യമുള്ളവരെ പ്രധാന തസ്തികകളിൽ നിയമിക്കാൻ സർക്കാർ തിരക്കിട്ട നീക്കം നടത്തുന്നു. ഇതിൻ്റെ ഭാഗമായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (CUSAT) സിൻഡിക്കേറ്റിലേക്ക് പുതിയ അംഗങ്ങളെ നാമനിർദ്ദേശം ചെയ്തുകൊണ്ടുള്ള ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചു. അവധി ദിവസമായ ഞായറാഴ്ച വൈകിട്ട് 3:52-നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഈ നിർണ്ണായക ഉത്തരവ് ഇറക്കിയത് എന്നത് ശ്രദ്ധേയമാണ്.

സാധാരണഗതിയിൽ അവധിയായ ഞായറാഴ്ചകളിൽ സെക്രട്ടേറിയറ്റ് അടഞ്ഞു കിടക്കാറാണെങ്കിലും, ഈ നിയമന ഉത്തരവുകൾ തയ്യാറാക്കുന്നതിനായി ഓഫീസ് പ്രത്യേകം തുറന്ന് പ്രവർത്തിക്കുകയായിരുന്നു. സിൻഡിക്കേറ്റിലുണ്ടായിരുന്ന രണ്ട് സിപിഎം അംഗങ്ങളെ തന്ത്രപരമായി രാജിവെയ്പ്പിച്ച ശേഷമാണ് പകരം രണ്ടുപേരെ പുതുതായി നാമനിർദ്ദേശം ചെയ്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതോടെ പുതിയ നിയമനങ്ങൾക്ക് തടസ്സമുണ്ടാകുമെന്ന വിലയിരുത്തലിലാണ് ഈ മിന്നൽ നീക്കം.

കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളേജിലെ അധ്യാപകനായ ഡോ. വിനോദ് കുമാർ ജേക്കബ്, കുസാറ്റിലെ അധ്യാപകനായ ഡോ. എ. കൈലാസനാഥ് എന്നിവരെയാണ് സിൻഡിക്കേറ്റിലേക്ക് പുതുതായി നിയോഗിച്ചിരിക്കുന്നത്. ഇവരുടെ നിയമന കാര്യത്തിൽ യൂണിവേഴ്സിറ്റി അടിയന്തരമായി മേൽനടപടികൾ സ്വീകരിക്കണമെന്നും സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ പ്രത്യേകം നിർദ്ദേശിക്കുന്നുണ്ട്.

സർക്കാരിൻ്റെ ഈ അസാധാരണ നടപടിക്കെതിരെ വ്യാപകമായ വിമർശനങ്ങൾ ഉയരാൻ സാധ്യതയുണ്ട്. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് സ്വന്തക്കാരെ സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കാനുള്ള ഈ നീക്കം രാഷ്ട്രീയ വൃത്തങ്ങളിലും വിദ്യാഭ്യാസ രംഗത്തും വലിയ ചർച്ചകൾക്ക് വഴിതുറക്കുകയാണ്.