
തിരുവനന്തപുരം: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിനെ സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രചാരണ വിഭാഗമായി തരംതാഴ്ത്തിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് പച്ചയായ അധികാര ദുര്‍വിനിയോഗമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭരണനേട്ടങ്ങളെ തമസ്കരിക്കാനും കള്ളക്കഥകള്‍ പ്രചരിപ്പിക്കാനുമാണ് കോടിക്കണക്കിന് രൂപ മുടക്കി സര്‍ക്കാര്‍ ഇപ്പോള്‍ പത്രങ്ങളില്‍ പരസ്യം നല്‍കുന്നത്. പിആര്‍ഡി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് എകെജി സെന്ററിലാണെന്നും ദേശാഭിമാനി തയ്യാറാക്കി നല്കുന്ന വാര്‍ത്തകളാണ് പരസ്യരൂപത്തില്‍ വരുന്നത് എന്നും അദ്ദേഹം പറഞ്ഞു. പരസ്യം എന്നതിലുപരി വാര്‍ത്തയാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കും വിധമാണ് ഇത് നല്‍കിയിരിക്കുന്നത്. ഇതിന് കൂട്ടുനില്‍ക്കുന്ന പിആര്‍ഡി ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ഭാവിയില്‍ മറുപടി പറയേണ്ടി വരുമെന്നും ചെന്നിത്തല മുന്നറിയിപ്പ് നല്കി. നിയമവിരുദ്ധമായ ഈ നടപടിക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
63 വര്‍ഷമായി പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിച്ച, ജനസമ്മതനായ ജി. സുധാകരനെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പരസ്യമായി അപമാനിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ചെന്നിത്തല പറഞ്ഞു. രാഷ്ട്രീയമായി എതിര്‍ചേരിയിലാണെങ്കിലും സുധാകരനെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് പോലും സാധിച്ചിട്ടില്ല. അഴിമതിയില്ലാത്ത അത്തരം ഒരു നേതാവിനെ അവഹേളിക്കുന്നത് ശരിയല്ല. സുധാകരനുമായി യുഡിഎഫ് നിലവില്‍ ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ മൂലമാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. കൃത്യസമയത്ത് കുറ്റപത്രം നല്‍കാതെ പ്രതികളെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. പി.കെ. ശശിയുടെ കാര്യത്തില്‍ അദ്ദേഹം തന്നെയാണ് നിലപാട് വ്യക്തമാക്കേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.