റാഞ്ചി വിമാനാപകടം ; എയർ ആംബുലൻസിന് ബ്ലാക് ബോക്സില്ല, അന്വേഷണം വെല്ലുവിളി

Jaihind News Bureau
Wednesday, February 25, 2026

ജാർഖണ്ഡിലെ ഛത്ര ജില്ലയിലെ സിമാറിയയിൽ തകർന്നു വീണ എയർ ആംബുലൻസിന് ബ്ലാക് ബോക്സില്ലെന്ന് അധികൃതർ.എന്നാൽ വ്യോമയാന നിയമപ്രകാരം 5,700 കിലോയ്ക്ക് താഴെ ഭാരമുള്ള വിമാനങ്ങൾക്ക് കോക്പിറ്റ് വോയ്സ് റിക്കോർഡും (സിവിആർ) ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറും (എഫ്ഡിആർ) നിർബന്ധമില്ലെന്ന് അധികൃതർ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. ഇത് അന്വേഷണത്തിനു വെല്ലുവിളിയാണ്.

7 പേരാണ് അപകടത്തിൽ മരിച്ചത്.എയർട്രാഫിക് കൺട്രോളുമായുള്ള ആശയവിനിമയം പരിശോധിച്ചും ദൃക്സാക്ഷികളുടെ മൊഴികളിലൂടെയും അന്വേഷണം മുന്നോട്ടു കൊണ്ടുപോകേണ്ടിവരും. തകർന്ന വിമാനത്തിന്റെ കാലാവസ്ഥാ റഡാർ കൃത്യമായി പ്രവർത്തിച്ചിരുന്നോ എന്നും അന്വേഷിച്ചുവരികയാണ്. വിമാനം തകർന്നുവീണ് മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.ഡൽഹിക്കു പോകാൻ റാഞ്ചി വിമാനത്താവളത്തിൽ നിന്ന് തിങ്കളാഴ്ച വൈകിട്ട് 7.11ന് ടേക്ക് ഓഫ് ചെയ്ത എയർ ആംബുലൻസ് 20 മിനിറ്റിനുള്ളിൽ കൺട്രോൾ ടവറുമായുള്ള ബന്ധം നഷ്ടപ്പെട്ട് കാട്ടിൽ വീണു തകരുകയായിരുന്നു.