
ഇറാന് – അമേരിക്ക ആണവ ചര്‍ച്ച അടുത്ത വ്യാഴാഴ്ച നടക്കുമെന്ന് സ്ഥിരീകരിച്ച് ഒമാന്‍ വിദേശകാര്യ മന്ത്രി ബദര്‍ അല്‍ ബുസൈദി. ജനീവയില്‍ തന്നെയാണ് ചര്‍ച്ച നടക്കുക. ചര്‍ച്ച നടന്നേക്കുമെന്ന് ആദ്യം പറഞ്ഞത് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ച്ചിയാണ്.നയതന്ത്ര പരിഹാരം സാധ്യമാണെന്നും അന്തിമ കരാറിലേക്ക് ഒരുപടി കൂടി അടുത്തെന്നും ഒമാന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. ഇത് മൂന്നാം തവണയാണ് അമേരിക്കയും ഇറാനും ചര്‍ച്ച നടത്തുന്നത്. ഒരു ഭാഗത്ത് ചര്‍ച്ചയും മറുഭാഗത്ത് പടയൊരുക്കവും നടക്കുമ്പോള്‍ മൂന്നാം വട്ട ചര്‍ച്ചയ്ക്ക് അതീവ പ്രാധാന്യമുണ്ട്.
രണ്ടാം വട്ട ചര്‍ച്ചയില്‍ കരാറിന്റെ പൊതു തത്വങ്ങളില്‍ ധാരണയായിരുന്നു. കരടുരേഖ ഇരു രാജ്യങ്ങളും പരിശോധിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്നുള്ള ചര്‍ച്ചക്ക് ശേഷമായിരിക്കും അന്തിമ കരാറിലേക്ക് പോവുക. ജനീവയില്‍ ഒമാന്റെ മധ്യസ്ഥതയില്‍ ആണ് ചര്‍ച്ചകള്‍ നടന്നത്. ഇറാന്‍ ആണവായുധമുണ്ടാക്കുന്നില്ലെന്ന് തെളിയിക്കാന്‍ പരിശോധനകള്‍ക്ക് തയ്യാറാണെന്നും എന്നാല്‍ ആണവ സംവിധാനം പൂര്‍ണമായി ഉപേക്ഷിക്കാന്‍ തയാറല്ലെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവശ്യപ്പെടുന്നത് ഇറാന് ആണവ സംവിധാനമേ പാടില്ല എന്നാണ്.
അതേസമയം യുഎസ് – ഇറാന്‍ സംഘര്‍ഷ സാധ്യതകളെ , ഗള്‍ഫ് രാജ്യങ്ങള്‍ അതീവ ജാഗ്രതയോടെ നിരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ഖത്തറിലെയും ബഹ്‌റൈനിലെയും പ്രധാന സൈനിക താവളങ്ങളില്‍ നിന്ന്, അമേരിക്ക നൂറുകണക്കിന് സൈനികരെ പിന്‍വലിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെയാണിത്. ഇറാനുമായുള്ള സംഘര്‍ഷ സാധ്യതകള്‍ അനുദിനം വര്‍ധിച്ച പശ്ചാത്തലത്തിലാണ് ഈ മുന്‍കരുതല്‍ നടപടിയെന്ന്, വാര്‍ത്താ എജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഖത്തറിലെ അല്‍ ഉദൈദ് എയര്‍ബേസ്, ബഹ്‌റൈനിലെ സൈനിക കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ് സൈനികരെ മാറ്റിയത്. മേഖലയില്‍ ഇറാന്‍ പ്രത്യാക്രമണത്തിനുള്ള സാധ്യത കണക്കിലെടുത്താണ് ഈ സുപ്രധാന നീക്കം.
അതേസമയം, മധ്യപൂര്‍വദേശത്തെ ഏറ്റവും വലിയ അമേരിക്കന്‍ സൈനിക താവളമായ ഖത്തറിലെ അല്‍ ഉദൈദില്‍ ഏകദേശം പതിനായിരത്തോളം യുഎസ് സൈനികരാണുള്ളത്. അമേരിക്കന്‍ നാവികസേനയുടെ അഞ്ചാം കപ്പല്‍പ്പടയുടെ ആസ്ഥാനമാണ് ബഹ്റൈന്‍. അതിനാല്‍ , പെട്ടെന്നുള്ള പ്രത്യാക്രമണങ്ങളില്‍ സൈനികര്‍ക്ക് അപകടം ഉണ്ടാകുന്നത് ഒഴിവാക്കാനാണ് പുതിയ നീക്കമെന്നാണ് സൂചന. എന്നാല്‍ ഇത് യുദ്ധത്തിന്റെ സൂചനയല്ലെന്നും അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുള്ള തയാറെടുപ്പിന്റെ ഭാഗമാണെന്നും പറയപ്പെടുന്നു.
പശ്ചിമേഷ്യയില്‍ യുദ്ധഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ വ്യാഴാഴ്ച നടക്കാനിരിക്കുന്ന ഈ കൂടിക്കാഴ്ചയെ ലോകം അതീവ പ്രാധാന്യത്തോടെയാണ് വീക്ഷിക്കുന്നത്. വ്യാഴാഴ്ചത്തെ ചര്‍ച്ചയ്ക്ക് ശേഷം മാത്രമേ നയതന്ത്ര പരിഹാരമോ അതോ യുദ്ധമോ എന്ന് വ്യക്തമാവുകയുളളൂ.