
തൊഴിൽ സ്ഥലങ്ങളിലെ പിരിച്ചുവിടൽ വാർത്തകൾ അഥാവ ‘ലേ ഓഫ്സ്’ ഇന്ന് സാധാരണമായി മാറിയിരിക്കുന്നു. എന്നാൽ ഇതിന്റെ ഭാഗമായി ജീവനക്കാർക്കിടയിൽ പടരുന്ന ഒരു മാനസികാവസ്ഥയാണ് ‘ലേ ഓഫ് ഫറ്റിഗ്’. തുടർച്ചയായ പിരിച്ചുവിടലുകൾ, സാമ്പത്തിക അസ്ഥിരത, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൊണ്ടുവരുന്ന മാറ്റങ്ങൾ എന്നിവ മൂലം ജീവനക്കാർ അനുഭവിക്കുന്ന വിട്ടുമാറാത്ത മാനസിക സമ്മർദ്ദമാണിത്.
എപ്പോൾ വേണമെങ്കിലും തങ്ങളുടെ ജോലി നഷ്ടപ്പെടാം എന്ന തിരിച്ചറിവ് ജീവനക്കാരെ എപ്പോഴും ഒരു ഹൈപ്പർവിജിലൻസ് അവസ്ഥയിൽ എത്തിക്കുന്നു. ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ള ഒരു ഫോൺ കോളോ അല്ലെങ്കിൽ മീറ്റിംഗ് ഉണ്ടാവുമ്പോൾ വയറ്റിൽ ഒരു പിടച്ചിൽ അനുഭവപ്പെടുക, ഉറക്കമില്ലായ്മ, ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത അവസ്ഥ എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.
2026 ജനുവരിയിൽ ‘കരിയർമൈൻഡ്‌സ്’ ഫുൾ ടൈം ജീവനക്കാർക്കിടയിൽ നടത്തിയ സർവേ പ്രകാരം ഭൂരിഭാഗം ജീവനക്കാരും തങ്ങളുടെ കരിയറിന് ഒരു ഇൻഷുറൻസ് എന്ന നിലയിൽ സൈഡ് ഹസിൽ അല്ലെങ്കിൽ അധിക ജോലികൾ ചെയ്യാൻ നിർബന്ധിതരാകുന്നു. ഇത്തരം അധിക ജോലികൾ പലപ്പോഴും ജീവനക്കാരെ കൂടുതൽ ബേൺഔട്ട് അവസ്ഥയിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്.മാത്രമല്ല ഓരോ മാസവും ഓഫീസിൽ നിന്ന് ആരെങ്കിലും പിരിച്ചുവിടപ്പെടുമ്പോൾ ബാക്കിയുള്ളവർക്ക് ആത്മവിശ്വാസം നഷ്ടപ്പെടുന്നു. ഇത് ജോലിയിലുള്ള ഏകാഗ്രതയെ ബാധിക്കുന്നു.