
കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരുടെ തലയില്‍ വരെ പേന്‍ ശല്യം ഉണ്ടാവാറുണ്ട്. എന്നാല്‍ സാധാരണയായി തലയിലെ പേന്‍ ജീവന് ഭീഷണിയാകാനുള്ള സാധ്യത വളരെ കുറവാണ്. ഇപ്പോഴിതാ തലയിലെ പേന്‍ കാരണം ഒരു കുഞ്ഞിന്റെ ജീവന് തന്നെ നഷ്ടമായിരിക്കുന്നു.
ഒഡീഷയിലെ പുരിക്കടുത്തുള്ള ചമ്പാഗ്ര സ്വദേശിനിയാണ് ആറാം ക്ലാസുകാരിയായ ലക്ഷ്മിപ്രിയയ്ക്കാണ് ഈ ദാരുണാന്ദ്യം. കുറച്ചുകാലമായി കുട്ടിക്ക് തലയില്‍ കടുത്ത പേന്‍ ശല്യമുണ്ടായിരുന്നു. വീട്ടുകാര്‍ ആദ്യം ഇതൊരു സാധാരണ പ്രശ്നമായി കരുതി. വേപ്പെണ്ണയും മറ്റ് എണ്ണകളും ഷാംപൂകളും ഉപയോഗിച്ചെങ്കിലും ഫലമുണ്ടായില്ല. തലയില്‍ ചൊറിച്ചില്‍ രൂക്ഷമായി, മുറിവുകളും ദുര്‍ഗന്ധവുമുണ്ടായി. പെട്ടെന്ന് രക്തം ഛര്‍ദ്ദിക്കാന്‍ തുടങ്ങിയതോടെ കുട്ടിയെ പുരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാര്‍ അടിയന്തര ചികിത്സ നല്‍കിയെങ്കിലും ലക്ഷ്മിപ്രിയയുടെ ജീവന് രക്ഷിക്കാനായില്ല.
പേനുകള്‍ തലയോട്ടിയില്‍ രക്തം കുടിച്ച് ജീവിക്കുന്നു. ഇത് ചൊറിച്ചിലും അസ്വസ്ഥതയും ഉണ്ടാക്കുന്നു. തുടര്‍ച്ചയായി ചൊറിയുന്നത് തലയോട്ടിയില്‍ മുറിവുകളുണ്ടാക്കുകയും ഈ മുറിവുകളിലൂടെ ബാക്ടീരിയ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യും . വളരെ അപൂര്‍വമായി മാത്രമാണ് ഇത്തരത്തില്‍ ഉണ്ടാവുന്നത്. ഈ അണുബാധ രക്തത്തില്‍ കലര്‍ന്ന് സെപ്റ്റിസീമിയ എന്ന അപകടകരമായ അവസ്ഥയിലേക്ക് നയിക്കാം. ശരീരത്തില്‍ അണുബാധ പടര്‍ന്ന് അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലാകുന്ന അവസ്ഥയാണിത്. ഇത് പെട്ടെന്ന് ഗുരുതരമായാല്‍ മരണം വരെ സംഭവിക്കാം. ലക്ഷ്മിപ്രിയയുടെ കാര്യത്തില്‍, തലയിലെ കടുത്ത അണുബാധ രക്തത്തില്‍ കലര്‍ന്നതാണ് നില വഷളാക്കിയതെന്നാണ് പ്രാഥമിക വിവരം. പൂര്‍ണ്ണമായ മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നതിന് ശേഷമേ യഥാര്‍ത്ഥ കാരണം വ്യക്തമാകൂ.
കുട്ടികളിലാണ് പേന്‍ ശല്യം കൂടുതലായി കാണുന്നത്. ലക്ഷണങ്ങള്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കുകയാണെങ്കില്‍ അവഗണിക്കരുത്. കടുത്ത ചൊറിച്ചില്‍, തലയിലെ മുറിവുകള്‍, ചര്‍മ്മം ചുവക്കുക, ദുര്‍ഗന്ധം, പനി, അസാധാരണമായ ക്ഷീണം എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ സമീപിക്കുക. തുടക്കത്തില്‍ തന്നെ ചികിത്സ തേടിയാല്‍ വലിയ അപകടം ഒഴിവാക്കാം.