
ചന്ദ്രനിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപഗ്രഹങ്ങൾ നിർമ്മിക്കുന്ന ഫാക്ടറി സ്ഥാപിക്കാനുള്ള പദ്ധതിയുമായി ഇലോൺ മസ്ക്. തന്റെ ബഹിരാകാശ കമ്പനിയായ സ്പേസ്എക്സ് അടുത്തിടെ ഏറ്റെടുത്ത എഐ സ്ഥാപനമായ എക്സ്എഐയിലെ ജീവനക്കാർക്കായി നടത്തിയ യോഗത്തിലാണ് ഈ ആശയം ഇലോൺ മസ്ക് പങ്കുവെച്ചത് .
ചന്ദ്രനിൽ വച്ച് എഐ ഉപഗ്രഹങ്ങൾ നിർമ്മിക്കാനും അവയെ ബഹിരാകാശത്തിലേക്ക് വിക്ഷേപിക്കാനും ഒരു വൻ ഇലക്ട്രോമാഗ്നറ്റിക് കറ്റപൾട്ട് സ്ഥാപിക്കാനുള്ള പദ്ധതിയാണ് മസ്ക് ഇപ്പോൾ മുന്നോട്ടുവച്ചിരിക്കുന്നത്. ചന്ദ്രനിലെ സിലിക്കൺ, ടൈറ്റാനിയം, അലുമിനിയം, ഇരുമ്പ് തുടങ്ങിയ പ്രകൃതി വിഭവങ്ങൾ ഉപയോഗിച്ച് ഉപഗ്രഹങ്ങൾ നിർമിക്കാനും അവയെ നേരിട്ട് ബഹിരാകാശത്തിലേക്ക് വിക്ഷേപിക്കാനും സാധിക്കും എന്നതാണ് ഈ പദ്ധതിയുടെ കേന്ദ്ര ആശയം.
രണ്ട് മുതൽ മൂന്ന് വർഷത്തിനുള്ളിൽ എഐ കമ്പ്യൂട്ടിംഗ് ശേഷി ഏറ്റവും കുറഞ്ഞ ചെലവിൽ ലഭ്യമാക്കാൻ കഴിയുന്നത് ബഹിരാകാശത്തിലായിരിക്കും എന്നാണ് ഇലോൺ മസ്കിന്റെ അഭ്പ്രായം. നിലവിൽ എഐ ഉപഗ്രഹങ്ങൾ ഭൂമിയിൽ നിന്ന് വിക്ഷേപിക്കുന്നെങ്കിലും സ്റ്റാർഷിപ്പ് മെഗാ റോക്കറ്റ് ഉപയോഗിച്ച് ഭാവിയിൽ ചന്ദ്രനിലേക്കും ഗ്രഹങ്ങളിലേക്കും വൻതോതിൽ ചരക്കുകൾ എത്തിക്കാൻ കഴിയും എന്നും അദേഹം പറഞ്ഞു. ഓർബിറ്റൽ ഇന്ധന കൈമാറ്റം പോലുള്ളവ സ്റ്റാർഷിപ്പിന് ചന്ദ്രനിൽ വൻ തോതില്‍ ചരക്കുകൾ ഇറക്കാൻ കഴിയും. അതിലൂടെ ശാസ്ത്രീയവും വ്യാവസായികവുമായ സ്ഥിരതാമസം ചന്ദ്രനില്‍ സാധ്യമാകുമെന്നും മസ്ക് പറയുന്നു.
അതേസമയം, ഇലോണ്‍ മസ്ക് നിർദ്ദേശിച്ച ഇലക്ട്രോമാഗ്നറ്റിക് മാസ് ഡ്രൈവർ ആശയം പുതിയത് അല്ല. 1974-ൽ തന്നെ ബഹിരാകാശ ശാസ്ത്രജ്ഞനായ ജെറാൾഡ് ഓ നീൽ ഈ ആശയം മുന്നോട്ടുവച്ചിരുന്നു. ജെറാൾഡ് ഓ നീലും മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സഹപ്രവർത്തകനായ ഹെൻറി കോൾമും ഒരുകൂട്ടം വിദ്യാർഥികളും ചേർന്ന് അവരുടെ ആദ്യത്തെ മാസ് ഡ്രൈവർ പ്രോട്ടോടൈപ്പ് നിർമ്മിച്ചു. പിന്നീട് ബഹിരാകാശ പഠന ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഗ്രാന്റുകളുടെ പിന്തുണയോടെ, ഈ സാങ്കേതികവിദ്യ കൂടുതൽ മെച്ചപ്പെടുത്തി. ഏകദേശം 160 മീറ്റർ നീളമുള്ള ഒരു മാസ് ഡ്രൈവർ ചന്ദ്രോപരിതലത്തിൽ നിന്ന് വസ്തുക്കൾ ബഹിരാകാശത്തിലേക്ക് വിക്ഷേപിക്കാൻ കഴിയും എന്ന് അവർ തെളിയിച്ചിരുന്നു.
ബഹിരാകാശ രംഗത്തെ പുതിയ കണ്ടെത്തലുകളുടെ മത്സരത്തിനിടയിൽ ഇലോൺ മസ്കിന്റെ ഈ നിർദ്ദേശം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.